ടൊറന്റോ: കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2026-ൻ്റെ ആദ്യ ഏഴ് മാസങ്ങളിൽ കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ടത് ഇന്ത്യൻ പൗരന്മാരാണ്. 2026 ജനുവരി 1 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ ആകെ 12,491 പേരെയാണ് കാനഡ പുറത്താക്കിയത്. ഇതിൽ 3,717 പേരും ഇന്ത്യൻ പൗരന്മാരാണ്. അതായത് കാനഡയിൽ നിന്ന് നാടുകടത്തപ്പെട്ട മൊത്തം ആളുകളിൽ ഏകദേശം 29.8 ശതമാനവും ഇന്ത്യക്കാരാണ്. തൊട്ടടുത്തുള്ള മെക്സിക്കോയെക്കാൾ (1,936 പേർ) ഇരട്ടിയോളം മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2025 മുഴുവൻ വർഷത്തിൽ ആകെ 3,779 ഇന്ത്യക്കാരെയാണ് നാടുകടത്തിയിരുന്നതെങ്കിൽ, 2026-ൻ്റെ ആദ്യ 7 മാസങ്ങളിൽ തന്നെ ഈ സംഖ്യ 98.4 ശതമാനത്തിലെത്തി എന്നത് സ്ഥിതിവിശേഷത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

നാടുകടത്തൽ പ്രക്രിയകൾ പുരോഗമിക്കുന്നവരുടെ പട്ടികയിലും 8,817 ആളുകളുമായി ഇന്ത്യ തന്നെയാണ് ഒന്നാമത് നിൽക്കുന്നത്. അഭയാർത്ഥി അപേക്ഷ നിരസിക്കപ്പെട്ടവരോ അല്ലെങ്കിൽ തങ്ങളുടെ അപേക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്തവരോ ആണ് പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗവും (80.4%). വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങിയവരും (1,544 പേർ), ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരും (746 പേർ) ഈ പട്ടികയിലുണ്ട്. ഇതുകൂടാതെ, ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 111 പേരെ സി.ബി.എസ്.എ അടുത്തിടെ നടത്തിയ പ്രത്യേക പരിശോധനകളിലൂടെ കാനഡയിൽ നിന്ന് പുറത്താക്കിയിരുന്നു.
പുറത്താക്കപ്പെട്ട 12,491 പേരിൽ 7,333 പേർക്ക് വീണ്ടും കാനഡയിലേക്ക് പ്രവേശനം പൂർണ്ണമായി വിലക്കുന്ന ‘ഡിപോർട്ടേഷൻ ഓർഡറും’, ബാക്കിയുള്ളവർക്ക് വരും വർഷങ്ങളിൽ തിരിച്ചുവരാൻ സാധിക്കുന്ന ‘ഡിപ്പാർച്ചർ ഓർഡർ’ (2,618), ‘എക്‌സ്‌ക്ലൂഷൻ ഓർഡർ’ (2,540) എന്നിവയുമാണ് നൽകിയത്. നിലവിൽ പ്രതിവാരം 400 ഓളം ആളുകളെ കാനഡ പുറത്താക്കുന്നുണ്ടെന്നും, നടപ്പുവർഷത്തിൻ്റെ ബാക്കി മാസങ്ങളിലും ഈ നടപടികൾ ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








