ഓട്ടവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള എക്സ്പ്രസ് എൻട്രിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് വിവരങ്ങൾ പുറത്ത്. 2026 സെപ്റ്റംബർ 14-ന് നടന്ന പിഎൻപി ഡ്രോയിലൂടെ 576 ഉദ്യോഗാർത്ഥികൾക്കാണ് ഐടിഎ ലഭിച്ചത്. ഈ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടാനുള്ള കുറഞ്ഞ സിആർഎസ് കട്ട് ഓഫ് സ്കോർ 734 ആയിരുന്നു. ഓഗസ്റ്റ് 31-ന് നടന്ന മുൻ പിഎൻപി ഡ്രോയിലെ 697 എന്ന ഏറ്റവും കുറഞ്ഞ സ്കോറിനേക്കാൾ 37 പോയിന്റ് വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ടൈ-ബ്രേക്കിംഗ് നിയമമനുസരിച്ച് 734 സ്കോറുള്ളവരിൽ 2026 ഓഗസ്റ്റ് 29-ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ക്ഷണം ലഭിച്ചത്. സെപ്റ്റംബർ 13-ലെ പൂൾ കണക്കനുസരിച്ച് നോമിനേഷൻ ബോണസ് പോയിന്റുകളുള്ള 601–1200 സ്കോർ പരിധിയിൽ 574 പേരാണുണ്ടായിരുന്നത്.
Also Read: ഐസ്‌ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം
ഇൻവിറ്റേഷൻ ലഭിച്ചവർക്ക് ആവശ്യമായ രേഖകൾ സഹിതം പിആർ അപേക്ഷ സമർപ്പിക്കാൻ കൃത്യം 60 ദിവസത്തെ സമയപരിധിയുണ്ട്. ഈ സമയപരിധിക്കുള്ളിൽ അപേക്ഷിച്ചില്ലെങ്കിൽ ഐടിഎ റദ്ദാകുകയും പ്രൊഫൈൽ പൂളിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യും. ഇത്തവണ അവസരം ലഭിക്കാത്തവർക്ക് ഐഇഎൽടിഎസ് അല്ലെങ്കിൽ സെൽപിപ് ഭാഷാ പരീക്ഷകൾ വീണ്ടും എഴുതി സ്കോർ ഉയർത്തുകയോ, പ്രൊവിൻഷ്യൽ നോമിനേഷൻ വഴി 600 ബോണസ് പോയിന്റുകൾ നേടുകയോ, ഫ്രഞ്ച് ഭാഷാ പ്രാവീണ്യം കൈവരിക്കുകയോ ചെയ്യുന്നത് വഴി സിആർഎസ് സ്കോർ വർദ്ധിപ്പിക്കാൻ സാധിക്കും. സെപ്റ്റംബർ മാസത്തെ ട്രെൻഡ് അനുസരിച്ച് വരും ദിവസങ്ങളിൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫ്രഞ്ച് ഭാഷാ വിഭാഗം എന്നിവയിലേക്കുള്ള പുതിയ ഡ്രോകൾ പ്രതീക്ഷിക്കാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









