ഓട്ടവ: അമേരിക്കയുമായി ശക്തമായ താരിഫ് യുദ്ധം നടക്കുന്നതിനിടെ, കാനഡയിലെ പ്രാദേശിക വ്യവസായങ്ങൾക്ക് വൻ വളർച്ചയും മുന്നേറ്റവും. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയ ശക്തമായ തിരിച്ചടി നികുതികളും പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ‘ബൈ കനേഡിയൻ’ ആഹ്വാനവുമാണ് രാജ്യത്തെ തദ്ദേശീയ ബിസിനസുകൾക്ക് പുതിയ ഉണർവേകുന്നത്. സ്റ്റീൽ, ഫർണിച്ചർ, വസ്ത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടെ 28 ബില്യൺ കനേഡിയൻ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ നികുതിയാണ് കാനഡ ചുമത്തിയത്. ഇതോടെ കനേഡിയൻ ഉപഭോക്താക്കൾ അമേരിക്കൻ വസ്തുക്കൾക്ക് പകരം തദ്ദേശീയ ഉൽപ്പന്നങ്ങളിലേക്ക് വൻതോതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.
ഈ വ്യാപാര യുദ്ധം രാജ്യത്തെ പ്രമുഖ ഐസ്‌ക്രീം നിർമ്മാതാക്കളായ ‘ചാപ്മാൻസ്’ ഉൾപ്പെടെയുള്ള കമ്പനികൾക്ക് റെക്കോർഡ് വിൽപ്പനയാണ് സമ്മാനിച്ചത്. മുൻപ് അമേരിക്കയിൽ നിന്ന് കൊണ്ടുവന്നിരുന്ന അസംസ്‌കൃത വസ്തുക്കൾക്ക് പകരം കാനഡയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള ചേരുവകൾ ഉപയോഗിച്ചാണ് ഇവർ മുന്നേറുന്നത്. അതുപോലെ, ഓട്ടവയിലെ ‘മേക്കർ ഹൗസ്’ പോലുള്ള ഗിഫ്റ്റ് ഷോപ്പുകളിൽ കാനഡയിൽ മാത്രം നിർമ്മിച്ച വസ്തുക്കളുടെ വിൽപ്പന കുത്തനെ ഉയർന്നു. പ്രധാനമന്ത്രിയുടെ “എൽബോസ് അപ്” എന്ന പ്രതിരോധ മുദ്രാവാക്യം പതിച്ച ഉൽപ്പന്നങ്ങൾക്കാണ് ഇവിടെ വലിയ ജനപ്രീതി ലഭിക്കുന്നത്.
സർക്കാർ സ്റ്റോറുകളിൽ നിന്ന് അമേരിക്കൻ മദ്യം പിൻവലിച്ചതോടെ ഒന്റാരിയോയിലെ വൈൻ വ്യവസായത്തിലും വൻ കുതിച്ചുചാട്ടമുണ്ടായി. ‘ലീനിംഗ് പോസ്റ്റ് വൈൻസ്’ പോലുള്ള തദ്ദേശീയ നിർമ്മാതാക്കളുടെ വിൽപ്പന ആയിരക്കണക്കിന് കേസുകൾ വർദ്ധിക്കുകയും വി.ക്യു.എ വൈനുകളുടെ മൊത്തം വിൽപ്പനയിൽ 10 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.
വസ്ത്ര നിർമ്മാണത്തിൽ നിന്ന് പ്രതിരോധ സാങ്കേതികവിദ്യയിലേക്ക് മാറിയ ‘വക്‌സ്‌ലി’ എന്ന കമ്പനിയാണ് മറ്റൊരു വലിയ ഉദാഹരണം. സൈനിക ആവശ്യങ്ങൾക്കുള്ള തുണിത്തരങ്ങൾ നിർമ്മിക്കാൻ തുടങ്ങിയതോടെ ഇവരുടെ ജീവനക്കാരുടെ എണ്ണം 50-ൽ നിന്ന് 350-ലേക്ക് ഉയർന്നു. അമേരിക്കയ്ക്ക് പകരമായി യൂറോപ്യൻ നാറ്റോ രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാനും ഇവർക്ക് സാധിച്ചു.
എന്നാൽ, ഇതിനിടയിലും ചില മേഖലകൾ തിരിച്ചടി നേരിടുന്നുണ്ട്. ‘ഹോക്കിസ്റ്റിക് മാൻ’ പോലുള്ള കായിക ഉപകരണ വിതരണക്കാർ നിരന്തരം മാറുന്ന താരിഫ് നിരക്കുകളും കസ്റ്റംസ് കടലാസുപണികളും കാരണം ഉയർന്ന പ്രവർത്തനച്ചെലവ് അനുഭവിക്കുന്നതായി വ്യക്തമാക്കുന്നു. എങ്കിലും, അമേരിക്കയുമായുള്ള താരിഫ് തർക്കങ്ങൾക്കിടയിലും സ്വന്തം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി യൂറോപ്യൻ വിപണികളിലേക്ക് വഴിതുറക്കാനാണ് കനേഡിയൻ ബിസിനസുകളുടെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









