ഓട്ടവ: കാനഡയിലെ ഏറ്റവും വലിയ സ്വകാര്യ ഇംഗ്ലീഷ് ഭാഷാ പഠനകേന്ദ്രങ്ങളിലൊന്നായ ‘ഇന്റർനാഷണൽ ലാംഗ്വേജ് അക്കാദമി ഓഫ് കാനഡ’ (ILAC) പ്രവർത്തനം അവസാനിപ്പിച്ചു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വെള്ളിയാഴ്ച സ്ഥാപനം പാപ്പരത്ത ഹർജി നൽകി.
ടൊറന്റോ, വൻകൂവർ എന്നിവിടങ്ങളിൽ ക്യാമ്പസുകളുള്ള ILAC 1997-ലാണ് പ്രവർത്തനം ആരംഭിച്ചത്. സമീപകാലത്ത് കാനഡയിൽ നിലവിൽ വന്ന വിദേശ വിദ്യാർത്ഥി നിയമങ്ങളിലെ കർശനമായ മാറ്റങ്ങളാണ് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായതെന്ന് അക്കാദമി വെബ്സൈറ്റിൽ വ്യക്തമാക്കി. സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ പരമാവധി ശ്രമിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധിച്ചില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അപ്രതീക്ഷിതമായ ഈ അടച്ചുപൂട്ടൽ വഴി നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പഠനത്തെയാണ് ബാധിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി കൺസൾട്ടൻസി സ്ഥാപനമായ KPMG-യെ ഇൻസോൾവൻസി ട്രസ്റ്റിയായി നിയമിച്ചിട്ടുണ്ട്.
Also Read: ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ
രാജ്യത്തെ ഭവന, ഇൻഫ്രാസ്ട്രക്ചർ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി കനേഡിയൻ സർക്കാർ വിദേശ വിദ്യാർത്ഥികളുടെ വിസയ്ക്ക് താൽക്കാലിക പരിധി (Cap) ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാനഡയിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവ് വന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ഒന്റാരിയോയിലെ പല പ്രമുഖ കോളേജുകളും നിലവിൽ കോഴ്സുകൾ നിർത്തിവെക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









