കാൽഗറി: കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യ വേർപിരിയണമെന്ന വിഷയത്തിൽ റഫറണ്ടം നടക്കാൻ ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രചാരണ രംഗം ചൂടുപിടിക്കുന്നു. ആൽബർട്ടയിലെ ഭൂരിഭാഗം ജനങ്ങളും കാനഡയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് വിവിധ സർവേകൾ പറയുമ്പോഴും, വേർപിരിയൽ പിന്തുണയ്ക്കുന്നവരാണ് പ്രചാരണത്തിൽ മുന്നിട്ടുനിൽക്കുന്നത്. കാനഡയിൽ തുടരണമെന്ന് പറയുന്ന ഗ്രൂപ്പുകളേക്കാൾ മൂന്ന് മടങ്ങ് കൂടുതൽ പണം സമാഹരിക്കാനും സോഷ്യൽ മീഡിയ ചർച്ചകളിൽ എട്ടിരട്ടി ആധിപത്യം സ്ഥാപിക്കാനും വേർപിരിയൽ പക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.
കാനഡയിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്ന ഗ്രൂപ്പുകൾ ഒന്നിച്ചുനിൽക്കാതെ വേറെവേറെയായി പ്രവർത്തിക്കുന്നതാണ് പ്രധാന പ്രശ്നം. പ്രാദേശിക തിരഞ്ഞെടുപ്പ് നിയമങ്ങൾ കാരണം ഇവർക്ക് ഒന്നിച്ചു ചേർന്ന് പണം ചെലവാക്കാനോ പരിപാടികൾ നടത്താനോ കഴിയില്ല. കൂടാതെ, ‘വേർപിരിയാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ജയിക്കില്ല’ എന്ന ഉറച്ച വിശ്വാസം കാരണം കാനഡയെ പിന്തുണയ്ക്കുന്ന വോട്ടർമാർ വോട്ട് ചെയ്യാൻ ഇറങ്ങതിരുന്നേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Also Read: തുർക്കിയിലെ LGBTQ+ നടപടികൾ: യൂറോപ്യന്റെ വിമർശന പ്രസ്താവനയിൽ ഒപ്പുവെക്കാതെ കാനഡ
വേർപിരിയലിനെ അനുകൂലിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും, അവരെല്ലാവരും കൃത്യമായി വോട്ട് ചെയ്താൽ ഫലം മാറിമറിയാം. അതുകൊണ്ട്, കാനഡയിൽ തുടരാൻ ആഗ്രഹിക്കുന്ന പരമാവധി ആളുകളെ വോട്ട് ചെയ്യിക്കാൻ കാനഡയെ പിന്തുണയ്ക്കുന്നവർ പുതിയ പ്രചാരണ പരിപാടികൾ തുടങ്ങിയിട്ടുണ്ട്. പ്രവിശ്യാ ഭരണത്തലവയായ ഡാനിയേൽ സ്മിത്തും താൻ വേർപിരിയലിന് എതിരാണെന്ന് വ്യക്തമാക്കുകയും കാനഡയിൽ ഒന്നിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞ് പരസ്യങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ, എത്രപേർ വോട്ട് ചെയ്യാൻ ഇറങ്ങും എന്നതിനെ ആശ്രയിച്ചിരിക്കും ആൽബർട്ടയുടെ ഭാവി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









