ഓട്ടവ: കാനഡയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. കാനഡയ്ക്ക് EUവിൽ അസോസിയേറ്റ് മെംബർ പദവി നൽകാനുള്ള നിർദ്ദേശം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ മുന്നോട്ടുവെച്ചപ്പോൾ, സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റിൽ സംസാരിക്കവേ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഈ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു. ഊർജ്ജം, നിർണായക ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ വ്യാപാരം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഇരു കൂട്ടരുടെയും ഇടയിൽ യാത്രാ സ്വാതന്ത്ര്യം നൽകാനും ഈ നീക്കം വഴിതുറക്കും. പ്രത്യേകിച്ച് EUവിന്റെ പ്രശസ്തമായ എറാസ്മസ് പ്ലസ് വിദ്യാഭ്യാസ പദ്ധതിയിൽ കാനഡ പങ്കാളിയാകുന്നതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച അവസരങ്ങൾ ലഭിക്കും. കാനഡയ്ക്ക് നിലവിൽ തന്നെ പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ മുപ്പത്തഞ്ചിലധികം രാജ്യങ്ങളുമായി യാത്രാ, തൊഴിൽ കരാറുകൾ ഉണ്ടെങ്കിലും പുതിയ സഹകരണം ഇരുകൂട്ടർക്കും കൂടുതൽ നേട്ടമാകും.
ഈ ചരിത്രപരമായ മാറ്റം കനേഡിയൻ പാരമ്പര്യമുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്കും വലിയ അവസരങ്ങളാണ് നൽകുന്നത്. 2025 ഡിസംബർ പതിനഞ്ചോടെ പ്രാബല്യത്തിൽ വന്ന പുതിയ ബിൽ സി-3 നിയമപ്രകാരം, കനേഡിയൻ വംശപരമ്പരയുള്ള അമേരിക്കക്കാർക്ക് കനേഡിയൻ പൗരത്വത്തിന് അർഹതയുണ്ട്. ഗ്രാന്റ് പേരന്റ്സോ അതിനുമുമ്പുള്ള തലമുറയിൽ പെട്ടവരോ കാനഡക്കാരാണെങ്കിൽ പോലും പൗരത്വ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
കാനഡ യൂറോപ്യൻ യൂണിയനുമായി ഒപ്പുവെക്കുന്ന പുതിയ കരാറുകളുടെയും വിപുലമായ തൊഴിൽ, പഠന സ്വാതന്ത്ര്യങ്ങളുടെയും ആനുകൂല്യം പൗരത്വം നേടുന്ന അമേരിക്കക്കാർക്കും നേരിട്ട് ലഭ്യമാകും. ഇതിനകം തന്നെ പൗരത്വ സർട്ടിഫിക്കറ്റിനായി അമേരിക്കയിൽ നിന്നുള്ള അപേക്ഷകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ നടക്കുന്ന കാനഡ-EU ഉച്ചകോടിയിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








