ഓട്ടവ: കാനഡയിലെ മുതിർന്ന പൗരന്മാർക്ക് വൻ ആശ്വാസമേകി ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പെൻഷൻ തുകയിൽ വർധനവ് പ്രഖ്യാപിച്ചു. 2026 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള നാലാം പാദത്തിൽ 1.4 ശതമാനം വർധനവാണ് ഫെഡറൽ സർക്കാർ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജൂലൈയിൽ ലഭിച്ച 1.2 ശതമാനം വർധനവിനെയും മറികടന്ന് ഈ വർഷത്തെ ഏറ്റവും ഉയർന്ന വർധനവായി ഇത് മാറി. 2025 ഒക്ടോബർ മുതൽ 2026 ഒക്ടോബർ വരെയുള്ള ഒരു വർഷത്തെ മൊത്തം വളർച്ച 3.0 ശതമാനമായി ഉയർന്നു. ഒക്ടോബർ 28-ന് അയക്കുന്ന ഡിപ്പോസിറ്റുകൾ മുതൽ പുതിയ നിരക്കിലുള്ള തുക ലഭ്യമാകും.
പുതിയ നിരക്ക് അനുസരിച്ച് 65 മുതൽ 74 വയസ്സ് വരെയുള്ള മുതിർന്ന പൗരന്മാർക്ക് പരമാവധി പ്രതിമാസ പെൻഷൻ $751.97 ഡോളറിൽ നിന്ന് ഏകദേശം $762.50 ഡോളറായി ഉയരും. 75 വയസ്സും അതിനുമുകളിലുള്ളവർക്കും 2022 മുതൽ ലഭിച്ചുവരുന്ന 10 ശതമാനം അധിക ആനുകൂല്യം തുടരുന്നതിനാൽ അവരുടെ പ്രതിമാസ പെൻഷൻ $827.17 ഡോളറിൽ നിന്ന് ഏകദേശം $838.75 ഡോളറായി വർധിക്കും. കുറഞ്ഞ വരുമാനക്കാരായ പെൻഷൻകാർക്ക് ലഭിക്കുന്ന ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെന്റിലും (GIS) ഇതേ 1.4 ശതമാനം വർധനവ് ഉണ്ടാകും. ഇതോടെ ഒറ്റയ്ക്ക് താമസിക്കുന്ന കുറഞ്ഞ വരുമാനക്കാരായ വ്യക്തികൾക്ക് OAS, GIS എന്നിവ ചേർത്ത് പ്രതിമാസം ഏകദേശം $1,901 ഡോളർ വരെ ലഭിക്കും.
സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയാണ് പെൻഷൻ തുക പുനർനിർണ്ണയിച്ചത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ ശരാശരി പണപ്പെരുപ്പ നിരക്ക് തൊട്ടുമുമ്പത്തെ പാദത്തേക്കാൾ ഉയർന്നതിനാലാണ് ഈ വർധനവ് പ്രാബല്യത്തിൽ വന്നത്. വർധിച്ച തുക അടങ്ങുന്ന മൂന്ന് പെയ്‌മെന്റുകൾ ഒക്ടോബർ 28, നവംബർ 26, ഡിസംബർ 22 എന്നീ തീയതികളിൽ അക്കൗണ്ടുകളിൽ എത്തും. ഇതിൽ ഡിസംബറിലെ പെയ്‌മെന്റ് ക്രിസ്മസ് അവധി പ്രമാണിച്ച് സാധാരണയിലും നേരത്തെ നൽകും.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
ഉയർന്ന വരുമാനമുള്ളവർക്ക് ക്ലൗബാക്ക് അഥവാ റിക്കവറി ടാക്സ് ബാധകമായിരിക്കുമെങ്കിലും, പെൻഷൻ ആക്ട് പ്രകാരമുള്ള ‘ഡിഫ്ലേഷൻ സേഫ്ഗാർഡ്’ കാരണം ഭാവിയിൽ പണപ്പെരുപ്പം കുറഞ്ഞാലും പെൻഷൻ തുക കുറയില്ല. പെൻഷൻകാർ തങ്ങളുടെ മൈ സർവീസ് കാനഡ അക്കൗണ്ട് (My Service Canada Account) വഴി പുതിയ വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








