ഓട്ടവ: കുടുംബപ്പേര് ഉപയോഗിച്ച് കാനഡയുമായി പൂർവ്വിക ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ സഹായിക്കുന്ന സൗജന്യ വെബ്സൈറ്റ് പുറത്തിറക്കി കാനഡവിസ. Canadian Ancestry Explorer എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഇതിൽ സ്വന്തം കുടുംബപ്പേര് നൽകിയാൽ ആ പേരിന് കാനഡയുമായി പഴയകാലത്ത് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാം. പൂർവ്വികർ താമസിച്ചിരുന്ന സ്ഥലം, അവർ ജീവിച്ചിരുന്ന കാലം, കുടുംബപ്പേരിന്റെ പഴയ രൂപം തുടങ്ങിയ വിവരങ്ങൾ കൂടി നൽകിയാൽ കൂടുതൽ സൂചനകൾ ലഭിക്കും. ഇതിനായി അക്കൗണ്ട് തുടങ്ങുകയോ സ്വന്തം മുഴുവൻ പേര് നൽകുകയോ വേണ്ട.
2025 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്ന കാനഡയുടെ ബിൽ സി-3 പ്രകാരം, കനേഡിയൻ പൗരത്വം ലഭിക്കാനുള്ള അവസരം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇനി മാതാപിതാക്കൾ കനേഡിയൻ പൗരന്മാരായിരിക്കണം എന്നത് മാത്രമല്ല പരിഗണിക്കുന്നത്. ഗ്രാൻഡ്‌പാരന്റ്സോ അതിനുമുമ്പുള്ള തലമുറകളിലോ കനേഡിയൻ പൂർവ്വികർ ഉണ്ടായിരുന്നാലും ചിലർക്ക് പൗരത്വത്തിന് അർഹതയുണ്ടായേക്കാം. 2025 ഡിസംബർ 15ന് മുമ്പ് ജനിച്ചവർക്ക് ഇത്തരത്തിൽ കനേഡിയൻ പൂർവ്വികനുമായുള്ള കുടുംബബന്ധം തെളിയിക്കാൻ കഴിഞ്ഞാൽ പൗരത്വത്തിന് അപേക്ഷിക്കാം. എന്നാൽ ഇവർ പുതിയതായി പൗരത്വം നേടുകയല്ല ചെയ്യുന്നത്. തങ്ങൾ ഇതിനകം കനേഡിയൻ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയ്ക്കാണ് അപേക്ഷിക്കേണ്ടത്.
1840നും 1930നും ഇടയിൽ ഏകദേശം പത്തുലക്ഷം കനേഡിയൻമാർ അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. ഇവരിൽ പലരും ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ലോവൽ, മാഞ്ചസ്റ്റർ, ലെവിസ്റ്റൺ തുടങ്ങിയ നഗരങ്ങളിലെ ഫാക്ടറികളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തു. ന്യൂയോർക്ക്, മിഷിഗൺ, മിനസോട്ട തുടങ്ങിയ സ്ഥലങ്ങളിലും നിരവധി കനേഡിയൻ കുടുംബങ്ങൾ താമസമാക്കി. ഇവരുടെ പിൻതലമുറക്കാരിൽ ഏകദേശം 20 ലക്ഷത്തോളം പേർ ഇന്ന് ന്യൂ ഇംഗ്ലണ്ട് മേഖലയിൽ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ പഴയ കുടിയേറ്റ ചരിത്രവും കുടുംബപ്പേരുകളും പരിശോധിച്ചാണ് പുതിയ ഓൺലൈൻ ഉപകരണം കാനഡയുമായുള്ള കുടുംബബന്ധം കണ്ടെത്താൻ സഹായിക്കുന്നത്.
കനേഡിയൻ കുടുംബങ്ങൾ അമേരിക്കയിലേക്ക് താമസം മാറിയപ്പോൾ പലരുടെയും കുടുംബപ്പേരുകളിലും മാറ്റങ്ങൾ വന്നിരുന്നു. പ്രത്യേകിച്ച് ഫ്രഞ്ച് ഭാഷയിലുള്ള കുടുംബപ്പേരുകൾ ഇംഗ്ലീഷ് രീതിയിൽ എഴുതാൻ തുടങ്ങിയതോടെ പേരുകളുടെ രൂപം മാറി. ഉദാഹരണത്തിന്, പെല്ലെറ്റിയർ എന്ന പേര് പെൽകിയായും ഗൗത്തിയർ എന്നത് ഗോക്കിയായും ബോർക്ക് എന്നത് ബർക്ക് ആയും മാറി. അതിനാൽ കുടുംബത്തിലെ പഴയ പേരുകളും അവ പിന്നീട് മാറിയ രീതികളും പരിശോധിച്ചാൽ കാനഡയുമായുള്ള പൂർവ്വിക ബന്ധം കണ്ടെത്താൻ സഹായിക്കും. നിലവിൽ ക്യുബെക്ക്, അക്കാഡിയൻ മേഖലകളിൽ നിന്നുള്ള കുടുംബങ്ങളുടെ പേരുകളും ചരിത്രവുമാണ് ഈ ഉപകരണം പ്രധാനമായും പരിശോധിക്കുന്നത്.
ഈ ഉപകരണം ഉപയോഗിക്കാൻ മൂന്ന് ഘട്ടങ്ങളുണ്ട്. ആദ്യം സ്വന്തം കുടുംബപ്പേര് നൽകണം. അല്ലെങ്കിൽ കുടുംബത്തിലെ പഴയ തലമുറയിൽപ്പെട്ട ഒരാളുടെ വിവാഹത്തിന് മുമ്പുള്ള കുടുംബപ്പേരും നൽകാം. പിന്നീട് ആ പേര് ആരുടേതാണെന്നും ആ വ്യക്തിയും കുടുംബവും ഏത് സ്ഥലത്താണ് താമസിച്ചിരുന്നതെന്നും വ്യക്തമാക്കണം. പഴയ രേഖകളിൽ കുടുംബപ്പേര് മറ്റൊരു രീതിയിലാണ് എഴുതിയിരുന്നതെങ്കിൽ ആ വിവരവും ചേർക്കാം. നൽകിയ വിവരങ്ങൾ പരിശോധിച്ചശേഷം ലഭ്യമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ കാനഡയുമായുള്ള കുടുംബബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപകരണം നൽകും.
ഉപകരണത്തിൽ നൽകുന്ന വിവരങ്ങൾ ബ്രൗസർ ടാബിൽ മാത്രമാണ് സൂക്ഷിക്കുന്നത്. ടാബ് അടയ്ക്കുന്നതോടെ ഈ വിവരങ്ങൾ അപ്രത്യക്ഷമാകും. അക്കൗണ്ട് സൃഷ്ടിക്കേണ്ടതില്ലെന്നും ഉപയോക്താവിന്റെ മുഴുവൻ പേര് ആവശ്യപ്പെടില്ലെന്നും കാനഡവിസ വ്യക്തമാക്കുന്നു. നിലവിൽ ഫ്രഞ്ച്-കനേഡിയൻ, അക്കാഡിയൻ കുടുംബപ്പേരുകൾക്കും അവയുടെ ചില ഇംഗ്ലീഷ്, അമേരിക്കൻ രൂപങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. കൂടുതൽ കുടുംബപ്പേരുകളും സ്ഥലങ്ങളും ഉൾപ്പെടുത്തി വിവരശേഖരം വിപുലീകരിക്കാനും പദ്ധതിയുണ്ട്.
Also Read: AAIP ഡ്രോ: 2026 നവംബറിൽ നടന്ന നാല് നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം
അതേസമയം, കുടുംബപ്പേര് മാത്രം ഉപയോഗിച്ച് കനേഡിയൻ പൗരത്വം സ്ഥിരീകരിക്കാൻ കഴിയില്ല. കനേഡിയൻ പൂർവ്വികനിൽനിന്ന് അപേക്ഷകനിലേക്കുള്ള ഓരോ തലമുറയെയും ബന്ധിപ്പിക്കുന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കണം. മാതാപിതാക്കൾ, ഗ്രാൻഡ്‌പാരന്റ്സ് തുടങ്ങിയ നേരിട്ടുള്ള പൂർവ്വികരിലൂടെയുള്ള ബന്ധം മാത്രമാണ് പൗരത്വ കൈമാറ്റത്തിനായി പരിഗണിക്കുന്നത്. അമ്മാവൻ, അമ്മായി, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായി കനേഡിയൻ ബന്ധം ഉണ്ടായിരുന്നാലും അവരിലൂടെ നേരിട്ട് പൗരത്വം ലഭിക്കില്ല. അതിനാൽ പുതിയ ഉപകരണത്തിൽ ലഭിക്കുന്ന വിവരങ്ങൾ പ്രാഥമിക സൂചനകളായി മാത്രം കണ്ട് കുടുംബത്തിന്റെ പഴയ രേഖകൾ പരിശോധിച്ചശേഷം പൗരത്വത്തിനുള്ള ഔദ്യോഗിക നടപടികളിലേക്ക് കടക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





