PEI: പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (PEI PNP) ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 നവംബർ 20-ന് നടന്ന നറുക്കെടുപ്പിൽ 116 ഉദ്യോഗാർത്ഥികൾ ക്കാണ് പ്രാവിശ്യ ഇൻവിറ്റേഷൻ നൽകിയത്.
ലേബർ ഇംപാക്ട്, എക്സ്പ്രസ് എൻട്രി എന്നീ വിഭാഗങ്ങളിലേക്കാണ് ഇത്തവണത്തെ മുഴുവൻ ക്ഷണങ്ങളും അനുവദിച്ചത്. ബിസിനസ് വർക്ക് പെർമിറ്റ് എന്റർപ്രണർ വിഭാഗത്തിൽ ഇത്തവണയും ആരെയും തിരഞ്ഞെടുത്തിട്ടില്ല. നവംബർ 9-ന് നടന്ന നറുക്കെടുപ്പിന് 11 ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ഡ്രോ നടന്നത്. ഇതോടെ നവംബർ മാസത്തിൽ മാത്രം പ്രവിശ്യ നൽകിയത് 308 ക്ഷണങ്ങളാണ്. 2026-ൽ ഇതുവരെ നടന്ന 13 നറുക്കെടുപ്പുകളിലായി ആകെ 1,791 ഉദ്യോഗാർത്ഥികൾക്ക് ക്ഷണം ലഭിച്ചു.
ഹെൽത്ത് കെയർ, സ്കിൽഡ് ട്രേഡ്സ്, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യ നിലവിൽ മുൻഗണന നൽകുന്നത്. കൂടാതെ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് യൂണിവേഴ്സിറ്റി, ഹോളണ്ട് കോളേജ്, കോളേജ് ഡി എൽ’ഇലെ എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും മുൻഗണനയുണ്ട്. അതേസമയം, സെയിൽസ്, സർവീസ് മേഖലകളിൽ ജോലി ചെയ്യുന്ന അപേക്ഷകർക്ക് നിലവിൽ ഇൻവിറ്റേഷൻ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് പ്രവിശ്യ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: PEI PNP ഡ്രോ: 2026 നവംബർ 9-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
ഫെഡറൽ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ലേബർ ഇംപാക്ട്, എക്സ്പ്രസ് എൻട്രി വിഭാഗങ്ങളിലെ തിരഞ്ഞെടുപ്പിന് PEI മിനിമം പോയിന്റ് പരിധി പ്രസിദ്ധീകരിക്കാറില്ല. ഉദ്യോഗാർത്ഥികളുടെ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) പ്രൊഫൈലിലെ ഭാഷാ പ്രാവീണ്യം, വിദ്യാഭ്യാസ യോഗ്യത, നൈപുണ്യം, പ്രവൃത്തിപരിചയം, പ്രവിശ്യയുടെ തൊഴിൽ വിപണിയിലെ ആവശ്യകതകൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. PEI-യിലെ ജോബ് ഓഫറും കാനഡയിലെ മുൻകാല പ്രവൃത്തിപരിചയവും തിരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുന്ന മറ്റ് ഘടകങ്ങളാണ്.
PEI എക്സ്പ്രസ് എൻട്രി വിഭാഗത്തിലൂടെ പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്നവർക്ക് ഫെഡറൽ CRS സ്കോറിനൊപ്പം 600 അധിക പോയിന്റുകൾ ലഭിക്കും. ഇതിലൂടെ തുടർന്നുള്ള ഫെഡറൽ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ ലഭിക്കാനുള്ള സാധ്യത ഗണ്യമായി വർധിക്കുകയും സ്ഥിരതാമസത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. അതേസമയം, 2026-ൽ നടന്ന 13 നറുക്കെടുപ്പുകളിലും ബിസിനസ് വർക്ക് പെർമിറ്റ് എന്റർപ്രണർ വിഭാഗത്തിൽ ഒരാൾക്ക് പോലും ക്ഷണം ലഭിച്ചിട്ടില്ല.
കൂടുതൽ ഇമിഗ്രേഷൻ വാർത്തകൾക്കായി: https://chat.whatsapp.com/FPKIxDWK4Sq59rSaUB2Jr8?s=cl&p=a&ilr=4
PEI PNP Draw November





