വിന്നിപെഗ്: കാനഡയിലെ വിവിധ പ്രവിശ്യകളിൽ രൂക്ഷമായ പ്രകൃതി ദുരന്തങ്ങൾ വേനൽക്കാല ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളുകയാണ്. വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിൽ പടരുന്ന കാട്ടുതീയും പടിഞ്ഞാറൻ മാനിറ്റോബയിലെ വെള്ളപ്പൊക്കവും നിരവധി റിസോർട്ടുകളുടെയും ക്യാംപ് ഗ്രൗണ്ടുകളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു. ബുക്കിങ്ങുകൾ വ്യാപകമായി റദ്ദാകുന്നതും അടിസ്ഥാന സൗകര്യങ്ങൾ തകരുന്നതും കാരണം ചെറുകിട ടൂറിസം സംരംഭകർ വലിയ സാമ്പത്തിക നഷ്ടം നേരിടുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തണ്ടർ ബേയിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ വടക്കുകിഴക്കായി പ്രവർത്തിക്കുന്ന പാഷാ ലേക്ക് കാബിൻസ് എന്ന ഫിഷിങ് ലോഡ്ജിന്റെ ഉടമയായ വിക്ടോറിയ ലാഫ്രെനിയേർ, ജീവിതത്തിൽ ഇത്ര ഭീകരമായ സാഹചര്യം ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞു. റിസോർട്ടിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയായിരുന്നു തീപിടിത്തമെന്ന് അവർ ഓർക്കുന്നു. ഇരുട്ട് കനത്തതിനാൽ ടോർച്ചുകളുടെ വെളിച്ചത്തിൽ സാധനങ്ങൾ സുരക്ഷിതമാക്കി ഒഴിഞ്ഞുമാറാനുള്ള ഒരുക്കങ്ങളായിരുന്നു നടത്തിയത്. വായുവിലൂടെ കത്തിയ മരക്കണങ്ങൾ പറന്നുനടന്നതും ചുറ്റും കനത്ത പുകയും നിറഞ്ഞതുമാണ് ഏറ്റവും ഭയപ്പെടുത്തിയത്.
നിലവിൽ ഒഴിപ്പിക്കൽ നിർദേശത്തിനായി കാത്തിരിക്കുകയാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി സാഹചര്യം നേരിയ തോതിൽ മെച്ചപ്പെട്ടതായി അവർ പറയുന്നു. അഞ്ച് വർഷം മുൻപാണ് കുടുംബത്തിനായി ഈ റിസോർട്ട് ആരംഭിച്ചതെന്നും, ഏതാനും നിമിഷങ്ങൾക്കകം ജീവിതകാല സമ്പാദ്യം മുഴുവൻ നഷ്ടമാകുമോ എന്ന ആശങ്കയാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്നും ലാഫ്രെനിയേർ പറഞ്ഞു. സമീപ പ്രദേശമായ ആംസ്ട്രോങ്ങിൽ മുഴുവൻ സമൂഹങ്ങൾ തന്നെ കാട്ടുതീയിൽ തകർന്നതും തണ്ടർ ബേയ്ക്ക് സമീപമുള്ള രണ്ട് റിസോർട്ടുകൾ പൂർണമായി നശിച്ചതും കണ്ടപ്പോൾ സ്വന്തം സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഇരട്ടിയായെന്നും അവർ വ്യക്തമാക്കി.
ഇതിനോടകം തന്നെ സീസണിലെ വരുമാനത്തിൽ വലിയ ഇടിവ് അനുഭവപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച മുഴുവൻ ബുക്കിങ്ങുകളും നിറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിന്റെ പകുതിയിൽ താഴെ മാത്രമാണ് ബുക്കിങ് ശേഷിക്കുന്നത്. വായു മലിനീകരണവും പ്രദേശത്ത് ഇപ്പോഴും നിരവധി കാട്ടുതീകൾ തുടരുന്നതുമാണ് വിനോദസഞ്ചാരികൾ ബുക്കിങ് റദ്ദാക്കാൻ പ്രധാന കാരണമെന്ന് അവർ പറയുന്നു.
രാജ്യത്തുടനീളം നിലവിൽ 950-ലധികം കാട്ടുതീകൾ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഏകദേശം 200 തീപിടിത്തങ്ങൾ ഒന്റാറിയോയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി വ്യാപകമായ പുകമഞ്ഞ് രൂപപ്പെട്ടതോടെ എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചെയ്ഞ്ച് കാനഡ വിവിധ മേഖലകളിൽ വായു ഗുണനിലവാര മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, മാനിറ്റോബയുടെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ വെള്ളപ്പൊക്കം നിരവധി ക്യാംപ് ഗ്രൗണ്ടുകൾ അടച്ചുപൂട്ടാൻ ഇടയാക്കി. വിന്നിപെഗിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ഷെൽ നദിക്കരയിൽ പ്രവർത്തിക്കുന്ന അസെസിപ്പി ബീച്ച് ആൻഡ് ക്യാംപ് ഗ്രൗണ്ട് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ഉണ്ടായ രണ്ട് വലിയ വെള്ളപ്പൊക്കങ്ങളിൽ കനത്ത നാശനഷ്ടം നേരിട്ടു.
22 ക്യാംപ് സൈറ്റുകളിൽ 14 എണ്ണം നദിയിലേക്ക് ഇടിഞ്ഞുവീണതായി ഉടമ കാരൻ ഗോറലുക്ക് പറയുന്നു. മണൽ നിറഞ്ഞ ഭൂമി വെള്ളത്തിന്റെ ഒഴുക്കിൽ ക്രമേണ ഒലിച്ചുപോയതോടെ ക്യാംപ് ഗ്രൗണ്ടിന്റെ പകുതിയിലേറെ ഭാഗം നഷ്ടമായി. ഇനി അവശേഷിക്കുന്നത് എട്ട് ക്യാംപ് സൈറ്റുകൾ മാത്രമായതിനാൽ ഈ വേനൽക്കാലത്ത് സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ പോലും കഴിയില്ലെന്നാണ് അവരുടെ വിലയിരുത്തൽ.
പ്രകൃതി ദുരന്തങ്ങൾ ക്യാംപ് ഗ്രൗണ്ടുകളുടെ എണ്ണം കുറച്ചെങ്കിലും ക്യാംപിങ് ആവശ്യത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല.
മാനിറ്റോബയിൽ ഈ വേനൽക്കാലം മുഴുവൻ ലഭ്യമായ ഒരു ക്യാംപ് സൈറ്റുപോലും ബുക്ക് ചെയ്യാൻ സാധിക്കാതെ കുടുംബത്തോടൊപ്പം മറ്റൊരു പ്രവിശ്യയിലേക്ക് പോകേണ്ടിവന്നതായി വിന്നിപെഗ് സ്വദേശിനി അലീഷ്യ മിച്ചൽ പറയുന്നു. സംസ്ഥാനത്തിനുള്ളിൽ ബുക്കിങ് റദ്ദാകുന്നുണ്ടോ എന്ന് ഓൺലൈൻ അറിയിപ്പ് സംവിധാനത്തിലൂടെ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. അടുത്ത വർഷം ക്യാംപ് സൈറ്റ് ഉറപ്പാക്കണമെങ്കിൽ മാസങ്ങൾക്ക് മുൻപേ ഗവേഷണം നടത്തി, വിവിധ ഓപ്ഷനുകൾ തയ്യാറാക്കി, ബുക്കിങ് ആരംഭിക്കുന്ന നിമിഷം തന്നെ ഓൺലൈനാകേണ്ടതുണ്ടെന്നും അവർ അനുഭവം പങ്കുവച്ചു.
Wildfires and floods; a setback for Canada's summer tourism.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






