ഒന്റാരിയോ ; കാനഡയിലെ വൻകിട സൂപ്പർമാർക്കറ്റുകളും റീട്ടെയിൽ വ്യാപാരികളും നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നുവെന്ന പരാതികൾ ശക്തമായ സാഹചര്യത്തിൽ കേന്ദ്ര കോമ്പറ്റീഷൻ ബ്യൂറോ നേരിട്ട് ഇടപെടുന്നു. റീട്ടെയിൽ ഗ്രോസറി മേഖലയിലെ വിപണന രീതികളെക്കുറിച്ചും ഉൽപ്പന്നങ്ങൾക്ക് വിലയിടുന്ന മാനദണ്ഡങ്ങളെക്കുറിച്ചും വിപുലമായ വിവരശേഖരണം നടത്താൻ ഏജൻസി തീരുമാനിച്ചു. വിപണിയിലെ ഈ ചൂഷണം തടയുന്നതിനായി സെപ്റ്റംബർ 28-ന് രാവിലെ ബ്യൂറോ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കും.
ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ സാധനങ്ങൾ ലഭ്യമാക്കുക, വിപണിയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഉപഭോക്തൃ സംരക്ഷണ ഏജൻസിയായ കോമ്പറ്റീഷൻ ബ്യൂറോ നടപടികളിലേക്ക് കടക്കുന്നത്. 2023-ൽ നടത്തിയ വിപണി പഠനത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. സാധനങ്ങളുടെ നിർമ്മാണം, സംസ്കരണം, ഗതാഗതം, വിതരണം തുടങ്ങിയ ഘട്ടങ്ങളിൽ നടക്കുന്ന തിരിമറികളും കടകളിൽ നേരിട്ടും ലോയൽറ്റി പ്രോഗ്രാമുകൾ വഴിയും വില നിശ്ചയിക്കുന്ന രീതികളും ഏജൻസി പരിശോധിക്കും.
ALSO READ: കോടികളുടെ ലഹരി മിഠായികളും ഹാഷിഷും; കാനഡയെ ഞെട്ടിച്ച് ഓൺലൈൻ കഞ്ചാവ് വേട്ട
വില കൂട്ടാതെ തന്നെ വ്യാപാരികൾ കബളിപ്പിക്കുന്ന ശൈലികളായ ഉൽപ്പന്നങ്ങളുടെ അളവ് കുറയ്ക്കൽ (Shrinkflation), ഗുണനിലവാരം കുറയ്ക്കൽ (Skimpflation), കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള വിലനിർണ്ണയം (Algorithmic pricing) എന്നിവയും ഇതോടൊപ്പം അന്വേഷിക്കും. വ്യാപാരികൾക്കിടയിലെ അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കി വിപണിയിൽ കൂടുതൽ മത്സരസാധ്യതകൾ തുറന്നുകൊടുക്കുന്നത് വഴി സാധനങ്ങളുടെ വില കുറയ്ക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ. കനേഡിയൻ ജനങ്ങൾക്ക് ആശ്വാസമേകുന്ന റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





