ഓട്ടവ: കാനഡയിലേക്ക് താൽക്കാലികമായി കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ രാജ്യത്ത് തുടരുന്ന വിദേശികൾക്കും വലിയ ആശ്വാസം പകരുന്ന പുതിയ പ്രൊസസിംഗ് വിവരങ്ങൾ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ടു. ഒക്ടോബർ 29-ന് പ്രഖ്യാപിച്ച പുതിയ കണക്കുകൾ പ്രകാരം താത്കാലിക റെസിഡൻസ് അപേക്ഷകളുടെ കാത്തിരിപ്പ് സമയത്തിൽ പ്രകടമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഉപരിപഠനം നടത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന താൽക്കാലിക തൊഴിലാളികൾക്കും തങ്ങളുടെ പെർമിറ്റ് കാലയളവ് നീട്ടി ലഭിക്കുന്നതിന് ഈ മാറ്റം ഏറെ ഉപകാരപ്പെടും.
പ്രധാന അപേക്ഷാ വിഭാഗങ്ങളിൽ സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷനുള്ള കാത്തിരിപ്പ് സമയത്തിലാണ് ഏറ്റവും കുറവ് വന്നത്. എട്ട് ആഴ്ചയായിരുന്ന പ്രൊസസിംഗ് സമയം ഇപ്പോൾ ആറ് ആഴ്ചയായി ചുരുങ്ങിയിട്ടുണ്ട്. അതുപോലെ വർക്ക് പെർമിറ്റ് എക്സ്റ്റൻഷൻ അപേക്ഷകൾ തീർപ്പാക്കാൻ മുൻപ് 12 ആഴ്ച എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 11 ആഴ്ച മതിയാകും. പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്, ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റ്, ജോലി നിബന്ധനകളിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ എന്നിവയ്ക്കെല്ലാം ഈ സമയപരിധി ബാധകമാണ്. വിസിറ്റർ റെക്കോർഡ് അപേക്ഷകളുടെ സമയപരിധി 341 ദിവസത്തിൽ നിന്ന് 321 ദിവസമായി, അതായത് 20 ദിവസം കുറഞ്ഞിട്ടുണ്ട്. കാനഡ, പാകിസ്ഥാൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് സമർപ്പിച്ച പുതിയ സ്റ്റഡി പെർമിറ്റുകളുടെ കാത്തിരിപ്പ് സമയത്തിലും ഒരു ആഴ്ചയുടെ കുറവ് വന്നിട്ടുണ്ട്.
ALSO READ: കാനഡയിൽ എക്സ്പ്രസ് എൻട്രി മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ഇമിഗ്രേഷൻ വിദഗ്ധർ
എങ്കിലും ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷക്കാരുടെ പ്രൊസസിംഗ് സമയം 29 ദിവസത്തിൽ നിന്ന് 31 ദിവസമായി നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഫിലിപ്പീൻസിൽ നിന്നുള്ള സൂപ്പർ വിസ അപേക്ഷകളുടെ സമയത്തിലും ചെറിയ വർധനവുണ്ടായി. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വർക്ക് പെർമിറ്റ് (10 ആഴ്ച), സ്റ്റഡി പെർമിറ്റ് (8 ആഴ്ച) അപേക്ഷകളുടെ പ്രൊസസിംഗ് സമയത്തിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 1,95,900 വർക്ക് പെർമിറ്റ് എക്സ്റ്റൻഷനുകളും 25,900 സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷനുകളും ഐആർസിസിയുടെ പരിഗണനയിൽ കിടക്കുന്നുണ്ട്. വകുപ്പിന്റെ പ്രൊസസിംഗ് ശേഷി വർധിച്ചതോടെ കൂടുതൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 4-ന് ഇതിന്റെ അടുത്ത അപ്ഡേറ്റ് പുറത്തുവരും.
കൂടുതൽ ഇമിഗ്രേഷൻ വാർത്തകൾക്കായി: https://chat.whatsapp.com/FPKIxDWK4Sq59rSaUB2Jr8?s=cl&p=a&ilr=4





