ഓട്ടവ : കാനഡയിൽ PR പ്രതീക്ഷകളുമായി കഴിയുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കും കുടിയേറ്റക്കാർക്കും നിർണ്ണായകമായ ഒരു പ്രധാന ഘട്ടത്തിലേക്കാണ് എക്സ്പ്രസ് എൻട്രി സിസ്റ്റം കടക്കുന്നത്. കുടിയേറ്റ വകുപ്പായ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നവംബർ 3 മുതൽ എക്സ്പ്രസ് എൻട്രി സമഗ്ര റാങ്കിംഗ് സിസ്റ്റത്തിൽ (CRS) വൻ സ്കോറിംഗ് മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. ഈ സ്കോറിംഗ് പുനഃക്രമീകരണത്തിന്റെ ഭാഗമായി അടുത്ത രണ്ട് ആഴ്ചത്തേക്ക് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. പൂളിലുള്ള എല്ലാ അപേക്ഷകരുടെയും സ്കോറുകൾ പുതിയ നിയമപ്രകാരം വീണ്ടും കണക്കാക്കുന്നതിനാണ് ഈ ഇടവേള.
ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെഗ് ഡയബ് ഒക്ടോബർ 16-ന് പ്രഖ്യാപിച്ച ഈ മാറ്റങ്ങൾ, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ പൊളിച്ചെഴുത്താണ്. പുതിയ സ്കോറിംഗ് സംവിധാനത്തിൽ ലേബർ മാർക്കറ്റ് ഇന്റഗ്രേഷൻ ഫാക്ടർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഉയർന്ന വേതനമുള്ള ജോബ് ഓഫറുകൾക്ക് സ്കോർ ലഭിക്കുന്നതിനായി ഇനി ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് (LMIA) നിർബന്ധമല്ല. കൂടാതെ ഉയർന്ന വേതനമുള്ള തസ്തികകളിൽ കാനഡയിൽ ഒരു വർഷത്തിലേറെ ജോലി ചെയ്ത അപേക്ഷകർക്ക് അധിക സിആർഎസ് ബോണസ് പോയിന്റുകൾ ലഭിക്കും. ഈ പുതിയ ഘടകം വഴി പങ്കാളിയില്ലാത്ത അപേക്ഷകർക്ക് പരമാവധി 150 പോയിന്റ് വരെയും പങ്കാളിയുള്ളവർക്ക് 140 പോയിന്റ് വരെയും നേടാം. എന്നാൽ ജോബ് ഓഫർ പോയിന്റും വർക്ക് എക്സ്പീരിയൻസ് ബോണസും ഒന്നിച്ച് കൂട്ടി നൽകില്ല, ഇതിൽ ഏതിലാണോ കൂടുതൽ സ്കോർ ലഭിക്കുന്നത് അതുമാത്രമേ അപേക്ഷകന് ലഭിക്കൂ.
ദേശീയ ശരാശരി വേതനത്തിന്റെ 1.3 ഇരട്ടിയോ അതിലധികമോ വേതനമുള്ള 186 തൊഴിൽ മേഖലകളെ അടിസ്ഥാനമാക്കിയാണ് ശമ്പളത്തിന്റെ 3 ടയറുകൾ നിർണ്ണയിക്കുന്നത്. ടയർ 1 പ്രകാരം ശരാശരി വേതനത്തിന്റെ 2 ഇരട്ടിയോ അതിൽ കൂടുതലോ ഉള്ള ജോബ് ഓഫറുകൾക്ക് 100 പോയിന്റും 12 മാസത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്ക് 70 പോയിന്റും ലഭിക്കും. ടയർ 2 പ്രകാരം ശരാശരി വേതനത്തിന്റെ 1.5 മുതൽ 2 ഇരട്ടി വരെയുള്ള തൊഴിലുകളിൽ ജോബ് ഓഫറിന് 70 പോയിന്റും പ്രവൃത്തിപരിചയത്തിന് 40 പോയിന്റും ലഭിക്കും. ടയർ 3 പ്രകാരം 1.3 മുതൽ 1.5 ഇരട്ടി വരെയുള്ള മേഖലകളിൽ ജോബ് ഓഫറിന് 50 പോയിന്റും പ്രവൃത്തിപരിചയത്തിന് 20 പോയിന്റും ലഭ്യമാകും. അതേസമയം ഉയർന്ന വേതന പട്ടികയിൽ ഇല്ലാത്ത തൊഴിലുകൾക്ക് ഈ ബോണസ് പോയിന്റുകൾ ലഭിക്കില്ല.
ALSO READ: കാനഡയിൽ നിന്ന് ഈ വർഷം പുറത്താക്കിയത് ഇത്രയും ഇന്ത്യക്കാരെ; വീണ്ടും ചർച്ചയായി കണക്കുകൾ
നവംബർ 3 മുതൽ IRCC പ്രൊഫൈലുകൾ വീണ്ടും കണക്കാക്കുന്നതിനാൽ ഡ്രോകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അടുത്ത നറുക്കെടുപ്പുകൾ നവംബർ 16 അല്ലെങ്കിൽ 17 തീയതികളോടെ പുനരാരംഭിക്കാനാണ് സാധ്യത. തുടക്കത്തിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അല്ലെങ്കിൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോകൾ പുറത്തുവന്നേക്കാം. ഒക്ടോബർ 25 വരെയുള്ള ഡാറ്റ പ്രകാരം എക്സ്പ്രസ് എൻട്രി പൂളിൽ ആകെ 2,28,724 അപേക്ഷകരാണുള്ളത്. ഇതിൽ 451 മുതൽ 500 വരെ സ്കോറുള്ള 71,000-ത്തിലധികം ആളുകളിൽ ഒരു വലിയ വിഭാഗത്തിന് പുതിയ നിയമപ്രകാരം 20 മുതൽ 70 വരെ ബോണസ് പോയിന്റുകൾ ലഭിക്കുന്നതോടെ ഇവർ 500-ന് മുകളിലേക്ക് ഉയരുകയും സിആർഎസ് കട്ട്-ഓഫ് സ്കോറുകൾ വർദ്ധിക്കുകയും ചെയ്യും. പുതിയ പ്രവചനങ്ങൾ അനുസരിച്ച് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോകളുടെ കട്ട്-ഓഫ് മുൻപത്തെ 507 മുതൽ 523 വരെയുള്ള റേഞ്ചിൽ നിന്നും 530 മുതൽ 555 വരെയായി കുത്തനെ ഉയർന്നേക്കാം.
ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവരുടെ കട്ട്-ഓഫ് 382-435 എന്നതിൽ നിന്ന് 420-460 ലേക്ക് ഉയർന്നേക്കാം. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) സ്കോറുകൾ 760 മുതൽ 790 വരെ ചെറിയ മാറ്റങ്ങളോടെ തുടരാനാണ് സാധ്യത. ഹെൽത്ത്കെയർ മേഖലയിലെ ഡ്രോകൾ 490 മുതൽ 510 വരെയും ട്രേഡ്സ് മേഖല 480 മുതൽ 500 വരെയും ട്രാന്സ്പോർട്ട് മേഖല 485 മുതൽ 510 വരെയും ഉയർന്നേക്കാൻ സാധ്യതയുണ്ട്.ഈ മാറ്റങ്ങളിലൂടെ ഡോക്ടർമാർ, ഐടി മാനേജർമാർ, സോഫ്റ്റ്‌വെയർ എൻജിനീയർമാർ, നഴ്സുമാർ തുടങ്ങിയ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും, സാധുവായ ഹൈ-വേജ് ജോബ് ഓഫറുള്ളവർക്കും വലിയ നേട്ടമുണ്ടാകും. അതേസമയം കാനഡയ്ക്ക് പുറത്തുള്ള ഓഫ്‌ഷോർ അപേക്ഷകർക്കും കുറഞ്ഞ ശമ്പളമുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും സ്കോർ ഉയരാത്തതിനാൽ റാങ്കിംഗിൽ പുറകിലേക്ക് പോകേണ്ടി വരും. അതിനാൽ ജോബ് ഓഫറുള്ള ഉദ്യോഗാർത്ഥികൾ വിവരങ്ങൾ പ്രൊഫൈലിൽ അപ്‌ഡേറ്റ് ചെയ്യാനും, NOC കോഡുകൾ പരിശോധിക്കാനും, അല്ലാത്തവർ ഭാഷാ പരീക്ഷാ സ്കോറുകൾ ഉയർത്തി സിആർഎസ് വർദ്ധിപ്പിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാജ ജോബ് ഓഫറുകൾ നൽകുന്നത് കാനഡയിൽ 5 വർഷത്തെ പ്രവേശന വിലക്കിന് കാരണമാകുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





