ഓട്ടവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നിർണായകമായ മാറ്റങ്ങളാണ് IRCC നടപ്പിലാക്കാൻ പോകുന്നത്. 2015-ൽ എക്സ്പ്രസ് എൻട്രി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പൊളിച്ചെഴുത്തിനാണ് കാനഡ ഒരുങ്ങുന്നത്. 2026 നവംബർ 3 മുതൽ പുതിയ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) നിയമങ്ങൾ നിലവിൽ വരുമെന്ന് ഇമിഗ്രേഷൻ മന്ത്രി ലീന മെറ്റ്ലേജ് ഡിയാബ് സ്ഥിരീകരിച്ചു കഴിഞ്ഞു.
എന്നാൽ, ഈ പുതിയ മാറ്റങ്ങൾ വലിയ രീതിയിലുള്ള ആശങ്കകൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. കനേഡിയൻ ഇമിഗ്രേഷൻ കൺസൾട്ടന്റുമാർ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട 5 പ്രശ്നങ്ങൾ എതൊക്കെയാണെന്ന് പരിശോധിക്കാം
ജോബ് ഓഫർ വെരിഫിക്കേഷനിലെ തട്ടിപ്പ് സാധ്യത: നവംബർ 3 മുതൽ ഉയർന്ന വേതനമുള്ള തൊഴിലുകളിൽ യോഗ്യമായ ജോബ് ഓഫറുകൾക്ക് തൊഴിൽ ലേബർ മാർക്കറ്റ് ഇംപാക്ട് അസ്സെസ്മെന്റ് (LMIA) ഇല്ലാതെ തന്നെ 50 മുതൽ 100 പോയിന്റുകൾ വരെ ലഭിക്കും. എന്നാൽ, ഈ ഓഫറുകൾ വ്യാജമാണോ എന്ന് പരിശോധിക്കുന്നത് പെർമനന്റ് റെസിഡൻസ് (PR) അപേക്ഷ ഘട്ടത്തിൽ മാത്രമാണ്. അതായത്, ഒരാൾക്ക് അർഹതയില്ലാത്ത പോയിന്റുകൾ ലഭിച്ച് ക്ഷണക്കത്ത് (ITA) ലഭിച്ചതിനു ശേഷമാകും പരിശോധന നടക്കുക. ഇത് യോഗ്യരായ മറ്റ് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകാം.
LMIA ഒഴിവാക്കുന്നത് തട്ടിപ്പുകൾക്ക് വഴിയൊരുക്കാം: മുമ്പ് തൊഴിൽ ഓഫറുകൾക്ക് LMIA നിർബന്ധമായിരുന്നത് പലതരം പണമിടപാടുകളും തട്ടിപ്പുകളും തടയാൻ സഹായിച്ചിരുന്നു. എന്നാൽ LMIA പരിശോധന ഒഴിവാക്കുന്നത്, തൊഴിൽ ഓഫറുകൾ പണം നൽകി വാങ്ങുന്ന രീതികൾ വീണ്ടും സജീവമാക്കാൻ ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വേതനത്തെ അടിസ്ഥാനമാക്കിയുള്ള പോയിന്റുകൾ: ഒരു ഉദ്യോഗാർത്ഥിയുടെ കഴിവിനേക്കാൾ, അവരുടെ തൊഴിലിന്റെ ദേശീയ ശരാശരി വേതനത്തെ (National Median Wage) അടിസ്ഥാനമാക്കിയാണ് പുതിയ CRS പോയിന്റുകൾ നൽകുന്നത്. ഉചിതമായ ശമ്പളമില്ലാത്തതും എന്നാൽ കാനഡയിൽ ഏറെ ആവശ്യക്കാരുള്ളതുമായ തൊഴിലുകളിൽ (ഉദാഹരണത്തിന്: പേഴ്സണൽ സപ്പോർട്ട് വർക്കർമാർ, ഏർലി ചൈൽഡ്‌ഹുഡ് എജ്യുക്കേറ്റർമാർ) ജോലി ചെയ്യുന്നവർക്ക് ഇതിലൂടെ പോയിന്റുകൾ നഷ്ടപ്പെടും.
ഒരേപോലെയുള്ള ഉദ്യോഗാർത്ഥികൾക്ക് വ്യത്യസ്ത സ്കോർ: തുല്യ യോഗ്യതകളുള്ള രണ്ട് ഉദ്യോഗാർത്ഥികൾക്ക് അവരുടെ എൻ.ഒ.സി (NOC) കോഡിന്റെ അടിസ്ഥാനത്തിൽ മാത്രം 40 മുതൽ 100 പോയിന്റുകൾ വരെ വ്യത്യാസം വരാം. ഒരേ യോഗ്യതയുണ്ടെങ്കിലും ചിലർക്ക് മുൻഗണന ലഭിക്കുകയും മറ്റുള്ളവർക്ക് അവസരം നഷ്ടപ്പെടുകയും ചെയ്യുന്ന അസമത്വത്തിന് ഇത് കാരണമാകും.
പ്രാദേശിക തൊഴിൽ വിപണിയെ അവഗണിക്കുന്നു: കാനഡയിലെ ഓരോ പ്രവിശ്യയിലും തൊഴിൽ സാഹചര്യങ്ങളും ജീവിതച്ചെലവും വ്യത്യസ്തമാണ്. എന്നാൽ ദേശീയ തലത്തിലുള്ള ഒരു വേതന മാനദണ്ഡം മാത്രം മാനദണ്ഡമാക്കുന്നത് ടൊറന്റോ, മോൺടൺ തുടങ്ങിയ വിവിധ പ്രവിശ്യകളിലെ യഥാർത്ഥ ആവശ്യങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്.
ALSO READ: കാനഡ താത്കാലിക റെസിഡൻസി വിസ കാത്തിരിപ്പ് സമയം കൂടി; പുതിയ കണക്കുകൾ ഇങ്ങനെ
നവംബർ 3-ന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി എക്സ്പ്രസ് എൻട്രി പ്രൊഫൈലുകൾ അപ്ഡേറ്റ് ചെയ്യാൻ ഐ.ആർ.സി.സി നിർദ്ദേശിച്ചിട്ടുണ്ട്. നവംബർ 3 മുതൽ രണ്ട് ആഴ്ചയോളം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങൾ വരുന്നത് വരെ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ച് തങ്ങളുടെ പ്രൊഫൈലുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
കൂടുതൽ ഇമിഗ്രേഷൻ വാർത്തകൾക്കായി: https://chat.whatsapp.com/FPKIxDWK4Sq59rSaUB2Jr8?s=cl&p=a&ilr=4





