ഓട്ടവ : ഇറാനുമായി വിലക്കപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ കാനഡ അധിഷ്ഠിത മണി സർവീസ് സ്ഥാപനങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്കൻ ട്രഷറി വിഭാഗം. ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എട്ട് ധനകാര്യ സേവന കമ്പനികൾക്കെതിരെയാണ് യുഎസ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിലക്ക് നേരിടുന്ന ഇറാനിയൻ സ്ഥാപനങ്ങളുമായി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക് വഴിയൊരുക്കി എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.
പുതിയ ഉപരോധത്തോടെ ഈ എട്ട് കനേഡിയൻ സ്ഥാപനങ്ങൾക്കും യുഎസ് ഡോളർ അധിഷ്ഠിത ആഗോള സാമ്പത്തിക ശൃംഖലയിലുള്ള പങ്കാളിത്തം പൂർണ്ണമായും നഷ്ടപ്പെടും. അമേരിക്കയിൽ ഈ കമ്പനികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആസ്തികളുണ്ടെങ്കിൽ അവ മരവിപ്പിക്കാനും, അമേരിക്കൻ പൗരന്മാരുമായോ സ്ഥാപനങ്ങളുമായോ ഉള്ള എല്ലാവിധ ബിസിനസ് ഇടപാടുകൾ വിലക്കാനും ഉത്തരവുണ്ട്. ഉപരോധങ്ങൾ മറികടക്കാൻ ഇറാന് ഒത്താശ ചെയ്യുന്ന വിദേശ സ്ഥാപനങ്ങൾക്കെതിരെ യുഎസ് ട്രഷറി ശക്തമാക്കിയിരിക്കുന്ന നടപടികളുടെ തുടർച്ചയാണിത്.
ഇറാൻ ഭരണകൂടത്തിനും അവരുടെ നിഴൽ സംഘടനകൾക്കും ഉപരോധം മറികടക്കാനുള്ള സുരക്ഷിത താവളമായി കാനഡയെ മാറുവാൻ അനുവദിക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. ലോകത്തിന്റെ ഏത് ഭാഗത്തായാലും ഇറന്റെ നിയമവിരുദ്ധ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുകയും തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൈവേഴ്‌സ് ട്രേഡ് (മില്യൺ എക്സ്ചേഞ്ച്), 1380079 ബിസി ലിമിറ്റഡ്, ടോപ് പിസി ടെക്നീഷ്യൻ, എൻഐഎ നേഷൻസ് കറൻസി, 2397639 ഒന്റാറിയോ (ഫറ എക്സ്ചേഞ്ച്), സിസിസി, ബി ഗാലക്സി, ദാർവിഷ് എക്സ്ചേഞ്ച് എന്നിവയാണ് ഉപരോധിക്കപ്പെട്ട എട്ട് സ്ഥാപനങ്ങൾ.
ഇതിനു പുറമേ, ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചറായ ‘എംഇഎക്സ്സി ഗ്ലോബലി’നെയും (MEXC Global) യുഎസ് സാമ്പത്തിക ശൃംഖലയിൽ നിന്ന് വിലക്കിക്കൊണ്ട് ട്രഷറിയുടെ ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്സ്മെന്റ് നെറ്റ്‌വർക്ക് (FinCEN) പ്രത്യേക ഉത്തരവിറക്കി. ഇറാൻ, ഉത്തര കൊറിയ, റഷ്യ എന്നീ രാജ്യങ്ങൾക്ക് ഉപരോധം മറികടക്കാൻ സഹായമൊരുക്കിയതിനാണ് നടപടി. സെഷെൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഇഎക്സ്സി ഗ്ലോബൽ വഴി ഏകദേശം 1600 കോടി ഡോളറിന്റെ നിയമവിരുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





