ഓട്ടവ: കാനഡയിൽ ഇത്തവണ മുൻവർഷത്തെക്കാൾ നേരത്തെ ഇൻഫ്ലുവൻസ (ഫ്ലൂ) പനി പടർന്നുപിടിക്കുന്നതായി മുന്നറിയിപ്പ്. ഒക്ടോബർ പകുതിയോടെ തുടങ്ങിയ രോഗവ്യാപനം നിലവിൽ മിതമായ തോതിലാണെങ്കിലും, പരിശോധിക്കുന്ന പത്തിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് വ്യാപകമായി ലഭ്യമാകും മുൻപേ രോഗം ആരംഭിച്ചതാണ് കാനഡയിൽ പനി നിരക്ക് ഉയരാൻ കാരണം. സർക്കാരിന്റെ ആരോഗ്യ കണക്കുകൾ പ്രകാരം 10.8 ശതമാനമാണ് നിലവിലെ രോഗ സ്ഥിരീകരണ നിരക്ക്.
പനി സീസൺ നേരത്തെ ആരംഭിച്ചതിനാൽ, സാധാരണ ഉണ്ടാകാറുള്ളതിലും നേരത്തെ രോഗ വ്യാപനം അവസാനിക്കുമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്. ഒക്ടോബർ അവസാനത്തോടെ മാത്രമാണ് രാജ്യത്ത് വാക്സിൻ എല്ലാവർക്കും ലഭ്യമായി തുടങ്ങിയത്. അതുകൊണ്ടുതന്നെ, രോഗം പിടിപെടാതിരിക്കാൻ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് ഡോ. ഐസക് ബോഗോച്ച് ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇത്തവണ കാനഡയിൽ നൽകുന്ന വാക്സിനുകൾ നിലവിലുള്ള വൈറസുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വാക്സിൻ ഉദ്ദേശിച്ച ഫലം നൽകിയിരുന്നില്ല. സാധാരണയായി ക്രിസ്മസ്, പുതുവത്സര സമയത്താണ് പനി ഏറ്റവും കൂടുതലായി ആളുകളിലേക്ക് പടരുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളോടെ രോഗം കുറഞ്ഞു വരികയാണ് പതിവ്.
H3N2, H1N1 എന്നീ രണ്ട് തരം വൈറസുകളാണ് പ്രധാനമായും ഇൻഫ്ലുവൻസ പനിക്ക് കാരണമാകുന്നത്. പനി വരുമ്പോൾ ആളുകൾക്ക് കടുത്ത ക്ഷീണവും ബുദ്ധിമുട്ടുകളും ഉണ്ടാകുമെങ്കിലും ഇത് ഏത് തരം വൈറസാണെന്ന് സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകില്ല. കഴിഞ്ഞ വർഷം കൂടുതൽ അപകടകാരിയായ H3N2 ആണ് പടർന്നത്. എന്നാൽ ഇത്തവണ വീര്യം കുറഞ്ഞ H1N1 വൈറസായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് കരുതുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





