വാഷിംഗ്ടൺ: കാനഡയുമായുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നതിനിടെ വീണ്ടും വ്യത്യസ്തമായ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസും കാനഡയും പങ്കിടുന്ന പ്രശസ്തമായ ‘ലേക്ക് ഒന്റാറിയോ’ (Lake Ontario) തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് മാറ്റി ട്രംപ് പുതിയ ഉത്തരവിറക്കി. വ്യാഴാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ചാണ് അദ്ദേഹം ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിൽ ഒപ്പുവെച്ചത്.
അമേരിക്കയുടെ ഔദ്യോഗിക ഭൂപടങ്ങളിലും സർക്കാർ രേഖകളിലും ഇനിമുതൽ ഈ പുതിയ പേരായിരിക്കും ഉപയോഗിക്കുക. തടാകത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗവും ഭൂരിഭാഗവും അമേരിക്കൻ അതിർത്തിയിലായതിനാലാണ് ഈ തീരുമാനമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാൽ തടാകത്തിന്റെ കാനഡയുടെ ഭാഗത്തുള്ള അതിർത്തിയിൽ പേരുമാറ്റാൻ ട്രംപിന് അധികാരമില്ല. അന്താരാഷ്ട്ര മാപ്പ് നിർമ്മാതാക്കൾ ഈ പേരുമാറ്റം അംഗീകരിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ അടുത്തിടെ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം നികുതി (താരിഫ്) ഏർപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രകോപിതരായ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി തിരിച്ചും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തി. കാനഡ വർഷങ്ങളായി വ്യാപാര രംഗത്ത് അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും, അതിർത്തി സുരക്ഷയ്ക്ക് കാനഡ പണം നൽകുന്നില്ലെന്നുമാണ് ട്രംപിന്റെ പ്രധാന പരാതി. ഈ വാശിതീർക്കലിന്റെ ഭാഗമായാണ് തടാകത്തിന്റെ പേരുമാറ്റം.
“നമുക്കിപ്പോൾ ഒരു ഗൾഫും (ഗൾഫ് ഓഫ് അമേരിക്ക) ഒരു തടാകവുമുണ്ട്. ഇനിയിപ്പോൾ അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളുടെ പേര് കൂടി മാറ്റേണ്ടി വരും,” മാധ്യമപ്രവർത്തകർക്ക് മുന്നിൽ ട്രംപ് പറഞ്ഞത് ഇപ്രകാരമായിരുന്നു. രണ്ടാം വട്ടം പ്രസിഡന്റായതിന്റെ ആദ്യ ദിനത്തിൽ ‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് ട്രംപ് മാറ്റിയിരുന്നു. ട്രംപിന്റെ ഈ പിടിവാശിയും നീക്കങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





