ഓട്ടവ: അമേരിക്കയുമായുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നതിനിടെ, തലസ്ഥാന നഗരമായ ഒട്ടാവയിലെ പ്രമുഖ റോഡിൽ നിന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് വെട്ടിമാറ്റാൻ നീക്കം. ഓട്ടവയിലെ കൗൺസിലറായ റൈലി ബ്രോക്കിംഗ്ടണാണ് ‘ട്രംപ് അവന്യൂ’ എന്ന റോഡിന്റെ പേര് മാറ്റാൻ പ്രദേശവാസികളെ അണിനിരത്തി മുന്നിട്ടിറങ്ങുന്നത്. ബുധനാഴ്ച ചേർന്ന ഓട്ടവ സിറ്റി കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം പരസ്യമായി ഉന്നയിച്ചത്.
കാനഡയുടെ തലസ്ഥാനത്ത് ട്രംപിന്റെ പേരിൽ റോഡുള്ളത് നാണക്കേടാണെന്നും ഒരാളുടെ പേര് വഴിക്ക് നൽകുന്നത് അദ്ദേഹത്തിന് നൽകുന്ന വലിയൊരു ആദരവാണെന്നും കൗൺസിലർ പറഞ്ഞു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പകരം കനേഡിയൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന “ബൈ ലോക്കൽ” പ്രചാരണത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. പേര് മാറ്റുന്ന കാര്യത്തിൽ ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും ഉടൻ തന്നെ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേയറുടെ നിലപാട്
ഓട്ടവയിൽ ട്രംപിന്റെ പേരിൽ ഒരു വഴിയും വേണ്ടെന്ന കാര്യത്തിൽ മേയർ മാർക്ക് സട്ട്ക്ലിഫും കൗൺസിലർക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ റോഡിന്റെ പേര് മാറ്റുമ്പോൾ അവിടെ താമസിക്കുന്ന 62 കുടുംബങ്ങൾക്ക് വിലാസം മാറ്റി എഴുതേണ്ടി വരും. ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് രേഖകൾ എന്നിവയിലെല്ലാം മാറ്റം വരുത്തുന്നത് ജനങ്ങൾക്ക് അൽപം പ്രയാസമുണ്ടാക്കും. അതിനാൽ അവിടെയുള്ള ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പേര് മാറ്റുന്നതിനെ പൂർണ്ണമായി പിന്തുണയ്ക്കുമെന്നാണ് മേയറുടെ നിലപാട്.
2021-ൽ നടന്ന വോട്ടെടുപ്പ്
ന്യൂയോർക്ക് നഗരത്തിലെ സ്ഥലങ്ങളുടെ പേരുകളാണ് ഈ പ്രദേശത്തെ വഴികൾക്ക് നൽകിയിരിക്കുന്നത്. മാഡിസൺ പാർക്ക്, മാൻഹട്ടൻ ക്രെസന്റ്, സ്റ്റാറ്റൻ സ്ട്രീറ്റ് എന്നിവയ്ക്കൊപ്പമാണ് ഈ ‘ട്രംപ് അവന്യൂ’വും ഉള്ളത്. 2021-ൽ ഈ റോഡിന്റെ പേര് മാറ്റാൻ വോട്ടെടുപ്പ് നടത്തിയിരുന്നെങ്കിലും വോട്ടുകൾ 21-21 എന്ന് തുല്യ നിലയിലായതോടെ തീരുമാനം നീണ്ടുപോവുകയായിരുന്നു. പേര് മാറ്റണമെങ്കിൽ 50 ശതമാനത്തിലധികം ആളുകളുടെ പിന്തുണ വേണമെന്നാണ് നഗരസഭയുടെ നിയമം.
അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം കൊടുമ്പിരികൊണ്ടിരിക്കെയാണ് പുതിയ സംഭവം. കാനഡയിലെ പ്രശസ്തമായ ‘ലേക്ക് ഒന്റാരിയോ’ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് മാറ്റുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് കാനഡ പിന്മാറുകയും, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാന നഗരിയിലെ റോഡിൽ നിന്നും ട്രംപിന്റെ പേര് ഒഴിവാക്കാനുള്ള നീക്കം കാനഡ ശക്തമാക്കുന്നത്.





