മോൺട്രിയൽ: മോൺട്രിയൽ-പിയറി എലിയറ്റ് ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്നിരുന്ന മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ട് എയർ കാനഡ ജീവനക്കാരെ റോയൽ കാനഡിയൻ മൗണ്ട് പോലീസ് (RCMP) അറസ്റ്റ് ചെയ്തു. എയർ കാനഡയിലെ ഗ്രൗണ്ട് ഓപ്പറേഷൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് പിടിയിലായത്. വിമാനത്താവളത്തിലെ അതീവ സുരക്ഷയുള്ള മേഖലകൾ ദുരുപയോഗം ചെയ്ത് ലഹരിമരുന്ന് അടങ്ങിയ ബാഗേജുകൾ കടത്താൻ ഇവർ ഗൂഢാലോചന നടത്തുകയായിരുന്നു. വിദേശത്തുനിന്ന് രാജ്യത്തേക്ക് കോക്കെയ്ൻ ഇറക്കുമതി ചെയ്യാനും കഞ്ചാവ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുമാണ് ഇവർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ഗ്രേറ്റർ മോൺട്രിയൽ മേഖലയിലെ വീടുകളിലും വാഹനത്തിലും ഡോർവലിലെ എയർ കാനഡ വർക്ക് ബേസിലും പോലീസ് മിന്നൽ പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പുന്ത കാനയിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്ന് 62.5 കിലോഗ്രാം കോക്കെയ്നും രണ്ട് സ്യൂട്ട്കേസുകളിലായി സൂക്ഷിച്ചിരുന്ന 56 കിലോഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
അറസ്റ്റിലായ ജീവനക്കാരെ ചോദ്യം ചെയ്ത ശേഷം നിലവിൽ വിട്ടയച്ചിട്ടുണ്ടെങ്കിലും കേസിൽ വിപുലമായ അന്വേഷണം തുടരുകയാണ്. പിടിച്ചെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളും നിയമനടപടികളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




