ഓട്ടവ / വാഷിംഗ്ടൺ: അമേരിക്കയുടെ ഭീഷണികൾക്കും താരിഫ് സമ്മർദ്ദങ്ങൾക്കും മുന്നിൽ തലകുനിക്കില്ലെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. അമേരിക്കയുമായി നടത്തിവന്ന വ്യാപാര ചർച്ചകൾ കാനഡ പൂർണ്ണമായും അവസാനിപ്പിച്ചു. മുൻ ബാങ്ക് മേധാവി കൂടിയായ കാർണിയുടെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്ക്കുമേൽ ഉയർന്ന നികുതി ചുമത്തിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി ചർച്ചകൾ നടന്നു വരികയായിരുന്നു. എന്നാൽ അവസാന നിമിഷം അമേരിക്കൻ പ്രതിനിധികൾ കൂടുതൽ കർശന ഉപാധികൾ മുന്നോട്ടുവെച്ച് കാനഡയെ ഒതുക്കാൻ ശ്രമിച്ചതോടെയാണ് ചർച്ചകൾ അട്ടിമറിക്കപ്പെട്ടത്.
ALSO READ; ട്രംപിന്റെ താരിഫ് നയം: പ്രതിസന്ധിയിലായി കനേഡിയൻ സംരംഭങ്ങൾ; കമ്പനികൾ ടെക്സസിലേക്ക് ചേക്കേറുന്നു
തുടർന്ന് കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 22) ഓട്ടവയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കാർണി, അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 23 മിനിറ്റ് നീണ്ട പ്രസംഗത്തിൽ, വൈകാരികതയില്ലാതെ കൃത്യമായ സാമ്പത്തിക കണക്കുകൾ നിരത്തിയാണ് കാർണി അമേരിക്കൻ നയങ്ങളെ വിമർശിച്ചത്. “അമേരിക്കൻ നിലപാടുകൾ ഇനി വിശ്വസിക്കാൻ കൊള്ളില്ലെന്നും അവരുടെ ഒപ്പുകൾക്ക് പെൻസിൽ കൊണ്ട് എഴുതിയത്ര ആയുസ്സ് മാത്രമേയുള്ളൂവെന്നും അദ്ദേഹം തുറന്നടിച്ചു.
കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുമെന്നും മറ്റുമുള്ള ട്രംപിന്റെ പരിഹാസങ്ങൾക്കും സമ്മർദ്ദ തന്ത്രങ്ങൾക്കും മറുപടിയായാണ് കാനഡയുടെ ഈ ഉറച്ച നിലപാട്. അമേരിക്കയെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ കാനഡ, മറ്റ് പ്രമുഖ രാജ്യങ്ങളുമായി പുതിയ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം ജനുവരിയിൽ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലും, “അമേരിക്ക നയിക്കുന്ന ലോകക്രമത്തിന്റെ കാലം കഴിഞ്ഞു” എന്ന് കാർണി മുന്നറിയിപ്പ് നൽകിയിരുന്നു.
ശക്തമായ തിരിച്ചടി നൽകി അമേരിക്ക
കാനഡ ചർച്ചയിൽ നിന്ന് പിന്മാറിയതോടെ സോഷ്യൽ മീഡിയയിലൂടെ കടുത്ത അധിക്ഷേപങ്ങളുമായാണ് ട്രംപ് പ്രതികരിച്ചത്. കാനഡ ഉദ്യോഗസ്ഥരെ ‘കോമാളികൾ’ എന്ന് വിളിച്ച ട്രംപ്, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങളാണ് അമേരിക്കയും കാനഡയും. ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾ പരസ്പരം അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു. ചർച്ചകൾ പരാജയപ്പെട്ടത് ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖലയെയും വിപണിയെയും പ്രതികൂലമായി ബാധിക്കും. എന്നാൽ തങ്ങളുടെ പരമാധികാരം പണയം വെച്ച് യാതൊരു കരാറിനും ഇല്ലെന്ന സന്ദേശമാണ് നിലവിൽ കാർണി നൽകിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




