ഒന്റാരിയോ: പബ്ലിക് ഹെൽത്ത് ഒന്റാരിയോയുടെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം രോഗവ്യാപനം നിലവിൽ കുറഞ്ഞ തോതിലാണെങ്കിലും നിരക്കുകൾ പതുക്കെ ഉയരുകയാണ്. ജൂലൈയിൽ 0.4 ശതമാനമായിരുന്ന കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഓഗസ്റ്റ് പകുതിയോടെ 1.4 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് 10 ശതമാനം വരെ എത്തിയിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം ഡിസംബറിൽ ഇൻഫ്ലുവൻസ പോസിറ്റിവിറ്റി നിരക്ക് 35.7 ശതമാനം വരെ ഉയർന്ന് വലിയ പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പുതിയ ജാഗ്രതാ നിർദേശം.
വരും മാസങ്ങളിൽ ഉണ്ടാകുന്ന വൈറസ് തരംഗത്തിന്റെ കൃത്യമായ സ്വഭാവമോ സമയമോ മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്ന് സിക്ക്-കിഡ്സ് ആശുപത്രിയിലെ ഡോ. ഷോൺ മോറിസും ടൊറന്റോ പബ്ലിക് ഹെൽത്തും വ്യക്തമാക്കുന്നു. സ്കൂളുകൾ തുറക്കുന്നതും കാലാവസ്ഥാ മാറ്റവും മൂലം ആളുകൾ കൂടുതൽ സമയം അടച്ചിട്ട മുറികളിലും കെട്ടിടങ്ങൾക്കുള്ളിലും ചെലവഴിക്കുന്നതും പരസ്പരം അടുത്തിടപഴകുന്നതുമാണ് വൈറസ് വേഗത്തിൽ പടരാൻ ഇടയാക്കുന്നത്. വെറുമൊരു “ഫ്ലൂ സീസൺ” എന്നതിനേക്കാൾ വിവിധ തരത്തിലുള്ള ശ്വാസകോശ വൈറസുകൾ ഒരുമിച്ച് സജീവമാകുന്ന കാലയളവായി ഇതിനെ കാണണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
രോഗവ്യാപനം തടയാൻ ഇൻഫ്ലുവൻസ, കോവിഡ് വാക്സിനുകൾ കൃത്യമായി എടുക്കുന്നത് ഏറെ സഹായകരമാണ്. വാക്സിൻ എടുത്താലും രോഗം വരാൻ സാധ്യതയുണ്ടെങ്കിലും, അത് ഗുരുതരാവസ്ഥയിലെത്തുന്നത് തടയാൻ വാക്സിനേഷന് സാധിക്കും. ഉയർന്ന അപകടസാധ്യതയുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. കൂടാതെ, കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൃത്യമായ വായുസഞ്ചാരമുള്ള മുറികൾ തിരഞ്ഞെടുക്കുക, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരുക എന്നിവയും പ്രതിരോധ മാർഗ്ഗങ്ങളായി പബ്ലിക് ഹെൽത്ത് നിർദ്ദേശിക്കുന്നു.
ALSO READ: ഗവേഷണ മികവിൽ ചരിത്രനേട്ടം: അമേരിക്കൻ യൂണിവേഴ്സിറ്റികളെ പിന്നിലാക്കി ടൊറന്റോ യൂണിവേഴ്സിറ്റി ഒന്നാമത്
വിവിധ വൈറസുകളുടെ ലക്ഷണങ്ങൾ സമാനമായതിനാൽ, രോഗമേതാണെന്നതിനേക്കാൾ രോഗലക്ഷണങ്ങളുടെ ഗുരുതാവസ്ഥയ്ക്കാണ് മാതാപിതാക്കൾ പ്രാധാന്യം നൽകേണ്ടത്. കുട്ടികളിൽ അതിവേഗത്തിലുള്ളതോ ആയാസകരമായതോ ആയ ശ്വാസോച്ഛ്വാസം, ചുണ്ടുകളിലോ മുഖത്തോ നീല കലർന്ന നിറം കാണപ്പെടുക, അമിതമായ തളർച്ച, നിർജ്ജലീകരണം മൂലം വെളളം കുടിക്കാൻ കഴിയാതിരിക്കുക അല്ലെങ്കിൽ മൂത്രമൊഴിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





