ഒന്റാരിയോ: ഒന്റാരിയോയെ നടുക്കിയ മലയാളി യുവതി ഡോണാ സാജൻ (29) വധക്കേസിന് രണ്ടു വർഷം തികയുമ്പോഴും, പ്രതിയായ ഭർത്താവ് ലാൽ കുന്നപ്പുഴ പൗലോസ് (32) ഒളിവിൽ തുടരുന്നു. രണ്ട് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളെയും പ്രതിരോധത്തിലാക്കി ചാലക്കുടി കുട്ടിച്ചിറ സ്വദേശിയായ ലാൽ രക്ഷപ്പെട്ടത് ഇന്ത്യ-കാനഡ കുറ്റവാളി കൈമാറ്റ കരാറിലെയും നയതന്ത്ര ബന്ധങ്ങളിലെയും നിയമപരമായ വിടവുകൾ മുതലെടുത്താണെന്ന വിമർശനം ശക്തമാകുകയാണ്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം രാജ്യം വിട്ട പ്രതിയെ പിടികൂടാൻ സാധിക്കാത്തത് അന്വേഷണ ഏജൻസികളുടെ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
2024 മേയ് 7-ന് ഒഷാവയിലെ വസതിയിൽ ഡോണയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതിന് തൊട്ടുമുമ്പ്, തങ്ങൾ രണ്ടുപേരും ജീവനൊടുക്കാൻ പോകുന്നുവെന്ന് കാണിച്ച് ഡോണയുടെ സഹോദരൻ ഡെൽജോയ്ക്ക് ലാൽ അയച്ച ഇമെയിൽ സന്ദേശമാണ് ദുരന്ത വിവരം പുറത്തുകൊണ്ടുവന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഡോണയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇത് കൃത്യമായ പ്ലാനിംഗോടെ നടന്ന കൊലപാതകമാണെന്ന് ഡർഹാം റീജിയണൽ പോലീസ് സ്ഥിരീകരിക്കുകയും ലാലിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ കുറ്റം ചുമത്തി അന്താരാഷ്ട്ര തലത്തിൽ റെഡ് കോർണർ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു
എന്നാൽ, കൊലപാതകം നടന്ന അതേ ദിവസം തന്നെ ഡൽഹി വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടന്ന ലാലിനെ പിടികൂടാൻ പിന്നീട് ഇതുവരെ കഴിഞ്ഞിട്ടില്ല. സമാനമായ വിദേശ കേസുകളിൽ പ്രതികളെ ദിവസങ്ങൾക്കകം പിടികൂടി വിചാരണയ്ക്ക് വിധേയമാക്കിയ ചരിത്രമുള്ളപ്പോഴാണ് ലാലിന്റെ കാര്യത്തിൽ ഏജൻസികൾ ഇരുട്ടിൽ തപ്പുന്നത്. ലാൽ ഇന്ത്യയിൽ വ്യാജ രേഖകൾ ഉണ്ടാക്കി ഒളിവിൽ കഴിയുകയാണോ അതോ മറ്റ് രാജ്യങ്ങളിലേക്ക് കടന്നോ എന്ന കാര്യത്തിൽ കനേഡിയൻ പോലീസിന് ഇപ്പോഴും വ്യക്തതയില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തടസ്സങ്ങളും ഏകോപനമില്ലായ്മയും ഒരു കൊലപാതകിക്ക് സുരക്ഷിത താവളമൊരുക്കാൻ സഹായിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നുവരുന്നത്.
മകളുടെ ദാരുണമായ വേർപാടിൽ നീതി ലഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്ന് ഡോണയുടെ കുടുംബവും കാനഡയിലെ മലയാളി സംഘടനകളും ആവശ്യപ്പെടുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ കാനഡ ഡർഹാം റീജിയണൽ പോലീസ് ഹോമിസൈഡ് യൂണിറ്റുമായോ (1-888-579-1520 Ext. 5413) ക്രൈം സ്റ്റോപ്പേഴ്സ് വഴിയോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





