കുട്ടികൾക്കിടയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ‘സ്ക്വിഷി ഡംപ്ലിംഗ്’ (Squishy Dumpling) കളിപ്പാട്ടങ്ങൾ കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ആമസോൺ കാനഡ പ്രമുഖ ബ്രാൻഡുകളല്ലാത്ത ഇവയുടെ വ്യാജ പതിപ്പുകൾ വെബ്സൈറ്റിൽ നിന്ന് നീക്കംചെയ്തു. കളിപ്പാട്ടങ്ങൾ പൊട്ടുമ്പോൾ പുറത്തുവരുന്ന സ്റ്റിക്കി ജെല്ലിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ കുട്ടികളുടെ ചർമ്മത്തിൽ പൊള്ളലും ചുവന്നുതടിക്കലും തൊലി അടർന്നുപോകുന്നതിനും കാരണമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നടപടി. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ തങ്ങളുടെ പ്ലാറ്റ്ഫോമിൽ അനുവദിക്കുകയുള്ളൂവെന്ന് ആമസോൺ കാനഡ അറിയിച്ചു.

യു.എസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനും (CPSC) കൺസ്യൂമർ റിപ്പോർട്ട്സും നടത്തിയ അന്വേഷണത്തിൽ വ്യാജ കളിപ്പാട്ടങ്ങളിൽ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. തങ്ങൾ പരിശോധിച്ച കളിപ്പാട്ടങ്ങളിലെ ജെല്ലിൽ നാരങ്ങാനീരിനും സുർക്കയ്ക്കും തുല്യമായ അസിഡിക് പി.എച്ച് (pH) അളവ് കണ്ടെത്തിയതായി സുരക്ഷാ വിദഗ്ധർ വ്യക്തമാക്കി. കുട്ടികളുടെ മൃദുലമായ ചർമ്മത്തിന് ഇത്തരത്തിലുള്ള രാസവസ്തുക്കൾ കഠിനമായ അസ്വസ്ഥതയും പൊള്ളലും ഉണ്ടാക്കാൻ സാധ്യതയേറെയാണ്. വ്യാജ ഉൽപ്പന്നങ്ങളിൽ മാത്രമല്ല, ചില പ്രമുഖ ബ്രാൻഡുകളിലും സമാനമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഈ വിഷയത്തിൽ ഏപ്രിൽ 23 മുതൽ ഓഗസ്റ്റ് 18 വരെ 32 പരാതികൾ ലഭിച്ചതായി ആരോഗ്യ ഏജൻസിയായ ഹെൽത്ത് കാനഡ വ്യക്തമാക്കി. ഇവയിൽ നാല് പരാതികളിൽ ചർമ്മത്തിലെ അലർജി, തലവേദന, ശ്വാസതടസ്സം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന കളിപ്പാട്ടങ്ങളിൽ കാനഡയിലെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാറില്ലെന്നും, അതിനാൽ ഓൺലൈനായും മറ്റും കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. നിലവിൽ പ്രസ്തുത ഉൽപ്പന്നങ്ങൾ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രക്ഷകർത്താക്കൾ ചില പ്രധാന മുൻകരുതലുകൾ എടുക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ജെൽ നിറച്ച ഇത്തരം കളിപ്പാട്ടങ്ങൾ ചെറിയ കുട്ടികൾക്ക് നൽകാതിരിക്കുക, അവയിൽ ദ്വാരങ്ങളോ കീറലുകളോ ഉണ്ടോ എന്ന് പതിവായി പരിശോധിക്കുക എന്നിവ ശ്രദ്ധിക്കണം. കളിപ്പാട്ടം പൊട്ടി ദ്രാവകം ശരീരത്തിൽ പറ്റിപ്പിടിച്ചാൽ ഉടൻ തന്നെ കഴുകിക്കളയുകയും കളിപ്പാട്ടം ഉപേക്ഷിക്കുകയും വേണം. കൂടാതെ, ചൂടുള്ള കാറുകളിലോ നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന സ്ഥലങ്ങളിലോ ഇവ വെക്കരുത്; ചൂട് കൂടുമ്പോൾ കളിപ്പാട്ടങ്ങൾ പൊട്ടിത്തെറിച്ച് ഗുരുതരമായ പൊള്ളലിന് കാരണമായേക്കാം.
Amazon Canada Removes Dangerous Squishy Dumpling Toys
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




