സസ്കാച്വാൻ: അമേരിക്കൻ മദ്യത്തിന് 50 ശതമാനം നികുതി പ്രഖ്യാപിച്ച് സസ്കാച്വാൻ. കാനഡയിൽ നിന്നുള്ള മദ്യത്തിന് അമേരിക്ക 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് മറുപടിയായാണ് പ്രവിശ്യാ ഭരണകൂടത്തിന്റെ ഈ സുപ്രധാന നീക്കം. സെപ്റ്റംബർ 8 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരുമെന്ന് പ്രീമിയർ സ്കോട്ട് മോ അറിയിച്ചു.
അതേസമയം, അമേരിക്കൻ മദ്യം വിപണിയിൽ നിന്ന് പൂർണ്ണമായി നിരോധിക്കാൻ പ്രവിശ്യ തയ്യാറല്ല. ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകാനാണ് സർക്കാരിന്റെ തീരുമാനം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രവിശ്യയിൽ അമേരിക്കൻ മദ്യ വില്പനയിൽ ഇതിനകം 40 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ മദ്യം കടകളിൽ നിന്ന് പൂർണ്ണമായി പിൻവലിക്കാത്ത പ്രീമിയറുടെ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടിയായ എൻ.ഡി.പി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന എണ്ണ, പൊട്ടാഷ് എന്നിവയ്ക്ക് കയറ്റുമതി തീരുവ ചുമത്തുന്നതിനെ സസ്കാച്വൻ ശക്തമായി എതിർത്തു. ഇത് കാനഡയിൽ വൻ തൊഴിൽ നഷ്ടമുണ്ടാക്കുമെന്നും ആഗോളതലത്തിൽ വളത്തിന്റെ വില വർദ്ധനവിന് കാരണമാകുമെന്നും സ്കോട്ട് മോ വ്യക്തമാക്കി. പരസ്പരം നികുതി ചുമത്തി വ്യാപാര യുദ്ധം തുടരുന്നതിനേക്കാൾ ഇരു രാജ്യങ്ങളും ചർച്ചകളിലൂടെ സ്വതന്ത്ര വ്യാപാര കരാറിലേക്ക് എത്രയും വേഗം മടങ്ങിയെത്തണമെന്നാണ് പ്രവിശ്യാ സർക്കാരിന്റെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




