ഓട്ടവ: ക്ഷീരമേഖലയിലും വാഹനഭാഗങ്ങളുടെ നിർമാണത്തിലും തുടങ്ങി സ്വാഭാവിക വിഭവങ്ങളുടെ വിപണനത്തിൽ വരെ നീളുന്ന കാനഡ-യു.എസ് വ്യാപാര തർക്കം ഇപ്പോൾ നിങ്ങളുടെ നെറ്റ്ഫ്ലിക്സ് ഹോം പേജിൽ വരെ എത്തിനിൽക്കുകയാണ്. കനേഡിയൻ പ്രാദേശിക ഉള്ളടക്കങ്ങൾക്ക് (Cancon) ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നൽകേണ്ട മുൻഗണനയും സാമ്പത്തിക വിഹിതവും ഒഴിവാക്കണമെന്ന യു.എസ് ആവശ്യത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരചർച്ചകൾ വഴിമുട്ടി. സാംസ്കാരിക പരമാധികാരത്തിലും ഫ്രഞ്ച് ഭാഷാ സംരക്ഷണത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മാർക്ക് കാർണി, യു.എസ് സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടെടുത്തു.
റേഡിയോ, ടെലിവിഷൻ സംപ്രേക്ഷണങ്ങളിൽ പ്രാദേശിക ഉള്ളടക്കം നിർബന്ധമാക്കുന്ന നയം പതിറ്റാണ്ടുകളായി കാനഡ പിന്തുടരുന്നുണ്ട്. എന്നാൽ ഡിജിറ്റൽ യുഗത്തിൽ നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ്, യൂട്യൂബ്, ആമസോൺ പ്രൈം തുടങ്ങിയ വിദേശ സ്ട്രീമിങ് ഭീമന്മാർക്ക് ഈ നിയമം ബാധകമല്ലാതിരുന്നത് കനേഡിയൻ സംപ്രേക്ഷകർക്ക് കനത്ത തിരിച്ചടിയായി. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് മുൻ ജസ്റ്റിൻ ട്രൂഡോ സർക്കാർ 2022-ൽ ബ്രോഡ്കാസ്റ്റിങ് ആക്ടിൽ മാറ്റം വരുത്തി ‘ഓൺലൈൻ സ്ട്രീമിങ് ആക്ട്’ കൊണ്ടുവന്നതും 2023 ഏപ്രിലിൽ അത് പ്രാബല്യത്തിൽ വരുത്തിയതും.
പുതിയ നിയമപ്രകാരം കാനഡയിൽ 25 മില്യൺ ഡോളറിലധികം വരുമാനമുള്ള ഒടിടി കമ്പനികൾ തങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പ്രാദേശിക വാർത്തകൾക്കും ഫ്രഞ്ച്-ഗോത്രവർഗ്ഗ ഉള്ളടക്കങ്ങൾക്കുമായി മാറ്റിവെക്കണമെന്ന് കനേഡിയൻ റേഡിയോ-ടെലിവിഷൻ ആന്റ് ടെലികമ്യൂണിക്കേഷൻസ് കമ്മീഷൻ (CRTC) നിർദേശിച്ചിരുന്നു. 5 ശതമാനമായിരുന്ന ഈ വിഹിതം പിന്നീട് 15 ശതമാനമായി വർദ്ധിപ്പിക്കാൻ റെഗുലേറ്ററി ബോർഡ് തീരുമാനിച്ചതോടെയാണ് സംഭവം കൂടുതൽ സങ്കീർണ്ണമായത്. ഇതിനെതിരെ ആഗോള ഒടിടി കമ്പനികളുടെ കൂട്ടായ്മയായ മോഷൻ പിക്ചർ അസോസിയേഷൻ (MPA) കോടതിയെ സമീപിക്കുകയും ഇത് കാനഡ-യു.എസ്-മെക്സിക്കോ കരാറിന്റെ (CUSMA) ലംഘനമാണെന്ന് ആരോപിക്കുകയും ചെയ്തു.
വരിക്കാർക്ക് വൻതുക നിരക്ക് വർദ്ധനവുണ്ടാകുമെന്ന ആശങ്ക കണക്കിലെടുത്ത്, ഒടിടി കമ്പനികളിൽ നിന്നുള്ള സാമ്പത്തിക വിഹിതം ഒഴിവാക്കി പകരം സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രാദേശിക നിർമാണങ്ങളെ സഹായിക്കാൻ ഓട്ടവ ആലോചിച്ചിരുന്നു. ഡിജിറ്റൽ സർവീസ് ടാക്സ് (DST) കാനഡ പിൻവലിച്ചതും യു.എസുമായുള്ള വ്യാപാര ചർച്ചകളുടെ പശ്ചാത്തലത്തിലായിരുന്നു. എന്നാൽ, സാമ്പത്തിക വിഹിതത്തേക്കാൾ കനേഡിയൻ സിനിമകളും പരിപാടികളും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കാണാവുന്ന രീതിയിൽ ആപ്പുകളിൽ ക്രമീകരിക്കണമെന്ന വ്യവസ്ഥയിലാണ് ഇപ്പോൾ പ്രധാന തർക്കം നിലനിൽക്കുന്നത്.
പ്രാദേശിക സാംസ്കാരിക ഉള്ളടക്കങ്ങളുടെ വിതരണത്തിലും പ്രചാരണത്തിലും സർക്കാരിനുള്ള നിയന്ത്രണാധികാരം വിട്ടുനൽകാൻ കാനഡ തയ്യാറല്ലെന്നാണ് ടെക്-നിയമ വിദഗ്ദ്ധരും നിരീക്ഷിക്കുന്നത്. കാനഡയെ യു.എസിന്റെ ഒരു ‘കീഴൊതുങ്ങിയ സ്ഥാപനമായി’ കാണാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി തുറന്നടിച്ചതും ഇതുകൊണ്ടാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സിനിമാ മേഖലയിലടക്കം തങ്ങളുടെ സാംസ്കാരിക സ്വാധീനം ലോകമെമ്പാടും വ്യാപിപ്പിക്കാൻ അമേരിക്ക ഉപയോഗിക്കുന്ന Soft Power Strategy നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു വ്യാപാര തർക്കത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് സാംസ്കാരിക മേഖലയിലെ വിദഗ്ദ്ധരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





