റെജീന: ഗർഭിണികളായ സ്ത്രീകൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകി അവരുടെ കുഞ്ഞുങ്ങളെ ദത്തെടുക്കലിനായി മാറ്റിനിർത്തുന്ന ‘ജനന മുന്നറിയിപ്പ്’ സമ്പ്രദായത്തിനെതിരായ ക്ലാസ് ആക്ഷൻ കേസിൽ നിർണായക വിധിയുമായി സസ്കാച്ചവൻ അപ്പീൽ കോടതി. ദേശീയ അന്വേഷണ കമ്മീഷനുകളുടെ റിപ്പോർട്ടുകളിലെ പ്രസക്തമായ ഭാഗങ്ങൾ തെളിവായി സ്വീകരിക്കാമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ കോടതി തള്ളി. ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മീഷൻ (TRC), മിസ്സിങ് ആൻഡ് മർഡേർഡ് ഇൻഡിജീനിയസ് വുമൺ ആൻഡ് ഗേൾസ് (MMIWG) എന്നീ ദേശീയ റിപ്പോർട്ടുകളിൽ നിന്നുള്ള ഭാഗങ്ങൾ കേസിൽ തെളിവായി തുടരുമെന്നും കോടതി വ്യക്തമാക്കി.
പ്രസവത്തിന് മുൻപ് ഉയർന്ന അപകടസാധ്യതയുണ്ടെന്ന് വിലയിരുത്തി സാമൂഹിക പ്രവർത്തകരോ ആരോഗ്യപ്രവർത്തകരോ ഗർഭിണികളുടെ ഫയലുകളിൽ രഹസ്യമായി മുന്നറിയിപ്പ് രേഖപ്പെടുത്തുന്നതായിരുന്നു ഈ വിവാദ സമ്പ്രദായം. ഇത്തരം മുന്നറിയിപ്പുകൾക്ക് വിധേയരായ സ്ത്രീകളെ പ്രതിനിധീകരിച്ച് റെജീന സ്വദേശിയും ഫസ്റ്റ് നേഷൻസ് വിഭാഗത്തിൽപ്പെട്ടയാളുമായ ചാൻ്റീൽ ചിക്കിന്യൂ ആണ് ‘ചിക്കിന്യൂ വേഴ്സസ് ഗവൺമെന്റ് ഓഫ് സസ്കാച്ചവൻ’ എന്ന പേരിൽ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്തത്.
സസ്കാച്വാനിൽ ഇത്തരം മുന്നറിയിപ്പുകൾ ലഭിച്ചവരിൽ ഭൂരിഭാഗവും തദ്ദേശീയരായ സ്ത്രീകളായിരുന്നു. ഈ മുന്നറിയിപ്പുകളെത്തുടർന്ന് നിരവധി സ്ത്രീകളുടെ കുഞ്ഞുങ്ങളെ സർക്കാർ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. വിവാദത്തെത്തുടർന്ന് 2021 ഫെബ്രുവരി ഒന്നിനാണ് സസ്കാച്വാൻ സർക്കാർ ഈ സമ്പ്രദായം ഔദ്യോഗികമായി അവസാനിപ്പിച്ചത്.
Read more : കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ
റിപ്പോർട്ടുകളിൽ നിന്നുള്ള ഭാഗങ്ങൾ തെളിവായി സ്വീകരിക്കുന്നത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള തെളിവ് മാത്രമായതിനാൽ അനുവദിക്കരുതെന്നായിരുന്നു സർക്കാരിന്റെ പ്രധാന വാദം. എന്നാൽ, പൊതുരേഖകൾ സംബന്ധിച്ച നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ ഭാഗങ്ങൾ തെളിവായി സ്വീകരിക്കാൻ ജസ്റ്റിസ് പീറ്റർ ബെർഗ്ബുഷ് അനുമതി നൽകിയതെന്ന് അപ്പീൽ കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ സർട്ടിഫിക്കേഷൻ ഘട്ടത്തിൽ പരിഗണിക്കുന്നതിനായി മാത്രമാണ് റിപ്പോർട്ടുകളിൽ നിന്നുള്ള ഭാഗങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നും വിശ്വാസ്യതയുടെയോ നീതിയുടെയോ പേരിൽ അവ ഒഴിവാക്കാനാകില്ലെന്നും അപ്പീൽ കോടതി ജഡ്ജിമാർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





