ഓട്ടവ: കാനഡയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കും വലിയ ആശ്വാസമാകുന്ന മൂന്ന് പ്രധാന LMIA (Labour Market Impact Assessment) നിബന്ധനകളിൽ ഭേദഗതികൾ വരുത്തി സർക്കാർ. നവംബർ 6 മുതൽ പ്രാബല്യത്തിൽ വന്ന രണ്ടു മാറ്റങ്ങളും ഒക്ടോബർ അവസാന വാരം നടപ്പിലാക്കിയ പ്രൊസസിംഗ് തടസ്സങ്ങൾ ഒഴിവാക്കാനുള്ള പരിഷ്കാരവുമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങൾ.
- ലോ-വേജ് LMIA കാലാവധി 2 വർഷമായി ഉയർത്തി
നേരത്തെ ലോ-വേജ് സ്ട്രീം വഴി നൽകിയിരുന്ന LMIA തൊഴിൽ കാലാവധി ഒരു വർഷമായിരുന്നത് ഇപ്പോൾ രണ്ട് വർഷമായി ഉയർത്തി. ഇതോടെ ഓരോ വർഷവും പണം നൽകി കാലാവധി പുതുക്കേണ്ടി വന്നിരുന്ന തൊഴിലുടമകളുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ട് ഒഴിവാകും. പുതുതായി സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമാണ് ഇത് ബാധകം.
- ചൈൽഡ് കെയർ മേഖലക്ക് പ്രത്യേക ഇളവ് (Early Childhood Educators)
തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തിന് മുകളിലുള്ള ടൊറന്റോ, വൻകൂവർ, മോൺട്രിയൽ പോലുള്ള വലിയ നഗരങ്ങളിൽ ലോ-വേജ് LMIA അപേക്ഷകൾ പ്രൊസസ് ചെയ്യുന്നത് തടഞ്ഞിരുന്നു. എന്നാൽ കടുത്ത തൊഴിൽക്ഷാമം നേരിടുന്ന ചൈൽഡ് കെയർ മേഖലയെ പരിഗണിച്ച് ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേറ്റർമാരെ (ECE) ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. ഇതോടെ ഈ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇനി കൂടുതൽ അവസരങ്ങൾ കിട്ടും.
- വർക്ക് പെർമിറ്റ് അപേക്ഷകളിൽ നിരസിക്കൽ ഭീഷണി ഒഴിവാക്കി
മുൻപ് LMIAയുമായി ബന്ധപ്പെട്ട തീരുമാനത്തിനായി 90 ദിവസം മാത്രമായിരുന്നു IRCC വർക്ക് പെർമിറ്റ് അപേക്ഷകൾ ഹോൾഡ് ചെയ്തിരുന്നത്. കാലതാമസം വന്നാൽ അപേക്ഷകൾ തള്ളുകയായിരുന്നു രീതി. എന്നാൽ ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം, LMIA പ്രൊസസിംഗിൽ കാലതാമസം വന്നാലും അവസാന തീരുമാനം വരുന്നതുവരെ ഇൻ-കാനഡ വർക്ക് പെർമിറ്റ് അപേക്ഷകളിൽ IRCC നടപടിയെടുക്കാതെ കാത്തിരിക്കും.
ALSO READ: താല്ക്കാലിക വിദേശ തൊഴിലാളി നിയമങ്ങളിൽ ഇളവുമായി കാനഡ; മാറ്റങ്ങൾ അറിയാം
പ്രാദേശിക തൊഴിൽ വിപണിക്ക് അനുസരിച്ച് 2027 മാർച്ച് 1 മുതൽ 15% വരെ വർക്ക്ഫോഴ്സ് ക്യാപ് ഇളവുകൾ ഉൾപ്പെടെയുള്ള കൂടുതൽ പരിഷ്കാരങ്ങൾ വരാനിരിക്കുന്നുണ്ട്. എന്നാൽ ഇവ നിലവിൽ നടപ്പിലായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





