ഓട്ടവ: ഈ മാസം ആദ്യം സസ്കാച്വാനിൽ നടന്ന കനേഡിയൻ നാഷണൽ പൗൾട്രി ഷോയ്ക്ക് പിന്നാലെ മാനിറ്റോബ, ആൽബർട്ട എന്നീ പ്രവിശ്യകളിലേക്കും പക്ഷിപ്പനി വ്യാപിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. പ്രയറി പ്രവിശ്യകളിലെ മൂന്ന് പക്ഷിക്കൂട്ടങ്ങളിലാണ് തീവ്രവ്യാപന ശേഷിയുള്ള പക്ഷിപ്പനി (HPAI) സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി.
നവംബർ ഏഴിന് സസ്കാച്വാൻ പൗൾട്രി അസോസിയേഷന്റെ നേതൃത്വത്തിൽ മൂസ് ജോയിൽ നടന്ന പ്രദർശനത്തിലേക്ക് പക്ഷികളെ കൊണ്ടുവന്നവരും, അവിടെനിന്ന് പക്ഷികളെ തിരികെ കൊണ്ടുപോയവരും ഉടൻ തന്നെ ഏജൻസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു. പ്രദർശനത്തിൽ പങ്കെടുക്കുകയും വീട്ടിൽ മറ്റ് പക്ഷികളെ വളർത്തുകയും ചെയ്യുന്നവർ അവയിൽ രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ ഉടൻ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ചത് പക്ഷി വളർത്തുകാരെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് പ്രദർശനത്തിന്റെ സംഘാടകരിലൊരാളായ റോബ് മക്കല്ലോക്ക് പറഞ്ഞു. പത്ത് വർഷത്തോളം കഷ്ടപ്പെട്ട് വളർത്തിയെടുത്ത തന്റെ 40 പക്ഷികളെ കൊന്നൊടുക്കേണ്ടി വന്നതായും, മറ്റ് പല കർഷകർക്കും 500 മുതൽ 700 പക്ഷികളെ വരെ നശിപ്പിക്കേണ്ടി വന്നതായും അദ്ദേഹം വേദനയോടെ വ്യക്തമാക്കി. താൻ സംഘടിപ്പിച്ച ഒരു പ്രദർശനത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു രോഗവ്യാപനം ഉണ്ടാകുന്നതെന്നും, പ്രതിസന്ധിയിലായ കർഷകർക്ക് പരസ്പരം ആശ്വാസം പകരുന്നതിനായി ഒരു സ്വകാര്യ ചാറ്റ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കാനഡ-യുഎസ് വ്യാപാര കരാറിൽ ഓട്ടോ സെക്ടറിന് മുൻഗണന വേണം; പ്രധാനമന്ത്രി മാർക്ക് കാർണി
വർഷം മുഴുവനും കൃത്യമായ ജൈവസുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടത് അനിവാര്യമാണെങ്കിലും, ശരത്കാലത്തും വസന്തകാലത്തും ദേശാടനപ്പക്ഷികളുടെ വരവോടെ രോഗവ്യാപന സാധ്യത വർധിക്കാറുണ്ടെന്ന് സി.എഫ്.ഐ.എ മുന്നറിയിപ്പ് നൽകുന്നു. പക്ഷികളിൽ കാണപ്പെടുന്ന അമിതമായ തളർച്ച, തീറ്റയെടുക്കാതിരിക്കൽ, ശ്വാസതടസ്സം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം ബാധിച്ചാൽ പക്ഷികൾ ചത്തുപോകാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





