റെജീന: സസ്കാച്വാനിലെ തൊഴിലാളി നഷ്ടപരിഹാര സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് വർക്കേഴ്സ് കോമ്പൻസേഷൻ ആക്ടിൽ നിർണായക ഭേദഗതികൾ സഭയിൽ അവതരിപ്പിച്ചു. വർക്കേഴ്സ് കോമ്പൻസേഷൻ ബോർഡിന്റെ (WCB) ചുമതലയുള്ള മന്ത്രി കെൻ ചെവെൽഡയോഫാണ് നിയമനിർമ്മാണ സഭയിൽ ചൊവ്വാഴ്ച ബിൽ സമർപ്പിച്ചത്. തൊഴിലിടങ്ങളിൽ പരിക്കേൽക്കുന്ന ജീവനക്കാരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കുന്നതിനൊപ്പം വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കുകയാണ് മാറ്റങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഭേദഗതി പ്രകാരം പരിക്കേറ്റ തൊഴിലാളികൾക്ക് ചികിത്സയ്ക്കായി മാറ്റിപ്പുവെക്കേണ്ടി വരുന്ന സമയത്തെ വേതനം 100 ശതമാനവും തിരികെ നൽകും. കൂടാതെ അപ്പീൽ നൽകുന്നതിനുള്ള സമയപരിധി രണ്ട് വർഷമായി നിശ്ചയിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമുള്ള ക്ലെയിമുകളുടെ യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമാക്കൽ, രോഗനിർണ്ണയം നടത്താൻ കൂടുതൽ ആരോഗ്യ വിദഗ്ധർക്ക് അംഗീകാരം നൽകൽ, അപ്പീൽ പാനലുകളിൽ വിദഗ്ധരായ മെഡിക്കൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തൽ എന്നിവയും പുതിയ ബില്ലിലെ പ്രധാന വ്യവസ്ഥകളാണ്.
തൊഴിലുടമകൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന പ്രക്രിയ ലളിതമാക്കുന്നതിനൊപ്പം ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കാനും നിർദ്ദേശമുണ്ട്. ഡബ്ല്യു.സി.ബി വാർഷിക ആനുകൂല്യ പദ്ധതി പരിഷ്കരിക്കൽ, ജോലിസ്ഥലത്തെ പഴയ പരിക്കുകൾ വീണ്ടും അലട്ടുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ വ്യക്തത വരുത്തൽ, ആശ്രിതരായ പങ്കാളികൾക്കുള്ള ആനുകൂല്യങ്ങൾ ഏകീകരിക്കൽ തുടങ്ങിയ നിരവധി ഭേദഗതികളും ഇതിൽ ഉൾപ്പെടുന്നു. ഡബ്ല്യു.സി.ബി ജീവനക്കാരിൽ നിന്നും ക്ലെയിം നൽകിയ തൊഴിലാളികളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഭേദഗതി തയ്യാറാക്കിയത്.
ALSO READ: സൗദിക്കുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ആറ് മിസൈലുകള്‍ തകര്‍ത്തതായി സഖ്യസേന
തട്ടിപ്പുകളോ അനാവശ്യ ആനുകൂല്യ വിതരണങ്ങളോ തടയാനല്ല, മറിച്ച് സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ച് തൊഴിലാളികളെ വേഗത്തിൽ ജോലിയിലേക്ക് തിരികെ എത്തിക്കാനാണ് ഈ മാറ്റങ്ങളെന്ന് ഡബ്ല്യു.സി.ബി സി.ഇ.ഒ ഫിൽ ജർമെയ്ൻ വ്യക്തമാക്കി. ഭേദഗതികൾ കാരണം ബോർഡിന് അധിക സാമ്പത്തിക ബാധ്യതയോ സാമ്പത്തിക ലാഭമോ ഉണ്ടാകില്ലെന്നും നീതിപൂർവ്വമായ ഭരണനിർവ്വഹണം ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





