പ്രാഗ്: യൂറോപ്പില്‍ വിവിധ രാജ്യങ്ങളിലായി യാത്രാവിമാനങ്ങള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. വെള്ളിയാഴ്ച മാത്രം നിരവധി വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. പരിശോധനയില്‍ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല. ഈ ആഴ്ചയിലുടെ തുടക്കത്തിലും ഇത്തരം ബോംബ് ഭീഷണികള്‍ ഉയര്‍ന്നിരുന്നു.

ഹംഗറിയുടെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോയ മൂന്ന് യാത്രാവിമാനങ്ങള്‍ക്ക് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് സൈനിക യുദ്ധവിമാനങ്ങള്‍ അകമ്പടി നല്കി. ബ്രസല്‍സില്‍നിന്ന് സോഫിയയിലേക്കും പ്രാഗില്‍നിന്ന് സൈപ്രസ്, റൊമാനിയ എന്നിവിടങ്ങളിലേക്കും പോയ വിമാനങ്ങളാണ് സുരക്ഷാ നിരീക്ഷണത്തിലാക്കിയത്. ഫ്രാന്‍സിന്റെ വ്യോമാതിര്ത്തിയിലുണ്ടായിരുന്ന നാല് വിമാനങ്ങള്‍ക്കും ഭീഷണി ലഭിച്ചതായി പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന്റെ ഓഫീസ് അറിയിച്ചു. വിമാനങ്ങള്‍ പാരീസിലെ ഓര്‍ലി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി പരിശോധന നടത്തി.
പ്രാഗില്‍നിന്ന് റോമിലേക്ക് പോയ വിസ് എയര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് വെനീസിലേക്ക് തിരിച്ചുവിട്ടു. വിമാനം ഇറങ്ങിയശേഷം യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പ്രാഗിലെ വാക്ലാവ് ഹാവല്‍ വിമാനത്താവളത്തില്‍ ഒന്‍പത് വിമാനങ്ങള്‍ക്ക് ഭീഷണി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഡെന്മാര്ക്ക്, സ്പെയിന്, ബ്രിട്ടന് എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളും നെതര്‍ലന്‍ഡ്സ്, സൈപ്രസ്, റൊമാനിയ, ഇറ്റലി, ബ്രിട്ടന് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തിലും തുടര്‍ച്ചയായ രണ്ടാം ദിവസവും സുരക്ഷാ പരിശോധന നടത്തി.
ALSO READ: യൂറോപ്പില്‍ ബോംബ് ഭീഷണി; പന്ത്രണ്ടിലധികം വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി
ഈ ആഴ്ച ആദ്യം രണ്ട് ഡസനിലധികം വിമാനങ്ങളെയാണ് സമാനമായ ഭീഷണികള്‍ ബാധിച്ചത്. ചില സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ആരാണ് ഭീഷണികള്‍ക്ക് പിന്നിലെന്ന് വ്യക്തമല്ല. റഷ്യ യൂറോപ്പില്‍ ഹൈബ്രിഡ് ആക്രമണങ്ങള്‍ ശക്തമാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് സംഭവങ്ങള്‍. എന്നാല്‍ ഏതെങ്കിലും രാജ്യത്തിനോ സംഘടനയ്ക്കോ സംഭവങ്ങളുമായി ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവുകളില്ല.
വിമാനങ്ങള്‍ക്ക് പുറമെ മാധ്യമസ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച സുരക്ഷാ ഭീഷണിയുണ്ടായി. അയര്‍ലന്‍ഡിലെ ദേശീയ ബ്രോഡ്കാസ്റ്ററായ ആര്‍ടിഇയുടെ ഡബ്ലിന്‍ ആസ്ഥാനത്ത് ബോംബ് ഭീഷണിയെ തുടര്‍ന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ സ്കൈയ്ക്കും സുരക്ഷാ ഭീഷണി ലഭിച്ചു. സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. അടുത്തയാഴ്ച ഡബ്ലിനില്‍ യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയുടെയും യൂറോപ്യന്‍ യൂണിയന് നേതാക്കളുടെയും യോഗങ്ങള്‍ നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കുമെന്ന് അയര്‍ലന്‍ഡ് പ്രധാനമന്ത്രി മൈക്കല്‍ മാര്ട്ടിന് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘More Bomb Threats Target Flights Across Europe’




