മിലാന്‍: യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ വ്യാഴാഴ്ചയുണ്ടായ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പന്ത്രണ്ടിലധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കോപ്പന്‍ഹേഗന്‍, ഡബ്ലിന്‍, ഹെല്‍സിങ്കി, മാഡ്രിഡ്, മിലാന്‍, വാര്‍സോ തുടങ്ങിയ നഗരങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഭീഷണിയെത്തുടർന്ന് പല വിമാനങ്ങളും തൊട്ടടുത്ത വിമാനത്താവളങ്ങളില്‍ അടിയന്തരമായി ഇറക്കിയപ്പോൾ, ചിലത് ലക്ഷ്യസ്ഥാനങ്ങളില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടർന്ന് നടത്തിയ പരിശോധനകളില്‍ സംശയാസ്പദമായ വസ്തുക്കളോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്തിയിട്ടില്ല.

ഡബ്ലിനില്‍നിന്ന് റോമിലേക്ക് പോയ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഫ്രാന്‍സിലെ എവ്രൂ സൈനിക വ്യോമതാവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന 151 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന്റെ ഓഫീസ് അറിയിച്ചു. തുടർന്ന് സൈനിക ബോംബ് നിര്‍വീര്യ സംഘം വിമാനത്തിൽ വിശദമായ പരിശോധന നടത്തി.
ഹെല്‍സിങ്കിയില്‍നിന്ന് റോമിലേക്ക് പോയ ഫിന്നെയര്‍ വിമാനത്തിന് ഇറ്റാലിയന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കി. റോമിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ നടത്തിയ പരിശോധനയിലും അപായസാധ്യതകളൊന്നും കണ്ടെത്താനായില്ല. വാര്‍സോയില്‍നിന്ന് ബ്രസല്‍സിലേക്ക് പോയ LOT പോളിഷ് എയര്‍ലൈന്‍സ് വിമാനവും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി.
ALSO READ: യൂറോപ്പ് കത്തുന്നു! സ്വിറ്റ്‌സർലൻഡിൽ വൻതോതിൽ അക്രമവും തീവെപ്പും; പോലീസിന് നേരെ പെട്രോൾ ബോംബേറ്
ബള്‍ഗേറിയയിലെ സോഫിയയിലേക്ക് പുറപ്പെട്ട മൂന്ന് റയാനെയര്‍ വിമാനങ്ങള്‍ക്കും ഭീഷണി ലഭിച്ചു. ഇതിൽ കോപ്പന്‍ഹേഗനില്‍നിന്നും മാഡ്രിഡില്‍നിന്നുമുള്ള വിമാനങ്ങള്‍ സോഫിയയില്‍ സുരക്ഷിതമായി ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ്റ്റഡില്‍നിന്നുള്ള വിമാനം പ്ലോവ്ദീവിലേക്ക് വഴിതിരിച്ചുവിട്ടു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ ഇറങ്ങിയ നാല് വിമാനങ്ങളിലും അധികൃതർ സമഗ്രമായ പരിശോധന പൂർത്തിയാക്കി.
യൂറോപ്പിൽ ഈ ആഴ്ചയുടെ തുടക്കത്തിലും സമാനമായ രീതിയിൽ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Bomb Threats Divert Flights Across Europe’




