യൂറോപ്പിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതിലും പൊതുസേവനങ്ങളുടെ തകർച്ചയിലും പ്രതിഷേധിച്ച് യുവാക്കൾ നടത്തുന്ന പ്രക്ഷോഭങ്ങൾ വൻ അക്രമത്തിലേക്ക് വഴിമാറുന്നു. ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ പ്രധാന രാജ്യങ്ങളിൽ പ്രതിഷേധം ശക്തമായ തെരുവ് യുദ്ധമായി മാറിയിരിക്കുകയാണ്.
“Gen Z regelt” എന്ന പേരിൽ ജർമ്മനിയിലെ 34 നഗരങ്ങളിൽ ലക്ഷക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്. നിർബന്ധിത സൈനിക സേവനത്തിനെതിരെയും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ കൂടുതൽ നിക്ഷേപം ആവശ്യപ്പെട്ടുമാണ് ബെർലിൻ, മ്യൂണിക്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ റാലികൾ സംഘടിപ്പിച്ചത്. എന്നാൽ ഫ്രാങ്ക്ഫർട്ടിൽ മാസ്ക് ധരിച്ച പ്രക്ഷോഭകർ വ്യാപകമായി കടകൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. ഹാംബർഗിലും ഫ്രാങ്ക്ഫർട്ടിലും അടിയന്തര സേനകൾക്ക് നേരെ മൊളോട്ടോവ് കോക്ടെയിലുകൾ (പെട്രോൾ ബോംബ്) എറിയുകയും റോഡുകളിൽ തീവെക്കുകയും ചെയ്തതോടെ നഗരമധ്യത്തിൽ നിന്ന് ഒഴിയാൻ പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.
സ്വിറ്റ്സർലൻഡിലെ സൂറിച്ചിലും സ്ഥിതിഗതികൾ സമാനമായി രൂക്ഷമാണ്. സൂറിച്ചിലെ ലാങ്സ്ട്രാസെ, ഹെൽവെറ്റിയാപ്ലാറ്റ്സ് മേഖലകളിൽ തടിച്ചുകൂടിയ നൂറുകണക്കിന് അക്രമികൾ ഇ-ബൈക്കുകൾ, സ്കൂട്ടറുകൾ, കാറുകൾ എന്നിവയ്ക്ക് തീയിടുകയും പൊതുസ്വത്തുക്കൾ തകർക്കുകയും ചെയ്തു. പോലീസിന് നേരെ പടക്കങ്ങളും കല്ലുകളും എറിഞ്ഞ പ്രക്ഷോഭകരെ നേരിടാൻ പോലീസ് വാട്ടർ കാനൺ, കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ എന്നിവ പ്രയോഗിച്ചു. പുലർച്ചെ വരെ നീണ്ട അക്രമങ്ങൾക്കിടെ വൈദ്യസഹായത്തിനെത്തിയ പോലീസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി.
ALSO READ: പഠനത്തോടൊപ്പം ജോലിയും, താങ്ങാനാവാത്ത വിലക്കയറ്റവും: ജർമനിയെ ഇളക്കിമറിച്ച് ജെൻ സി പ്രതിഷേധം
ഫ്രാൻസിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരെ തുടർച്ചയായ മൂന്നാം വാരാന്ത്യത്തിലും ശക്തമായ പ്രതിഷേധം അരങ്ങേറി. രാജ്യവ്യാപകമായി 3,20,000 പേരും പാരിസിൽ മാത്രം 70,000 പേരും പങ്കെടുത്ത റാലികളുടെ ഒടുവിൽ വൻ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാരിസിലെ പോർട്ട് ഡി ചാരൻ്റണിൽ പ്രതിഷേധക്കാർ എറിഞ്ഞ പെട്രോൾ ബോംബ് അടിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ വസ്ത്രത്തിന് തീപിടിച്ചു. സംഭവം കൊലപാതകശ്രമമാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറൻ്റ് നുനെസ് വ്യക്തമാക്കി. സാമ്പത്തിക സുരക്ഷിതത്വത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയുള്ള യൂറോപ്യൻ യുവാക്കളുടെ അമർഷമാണ് ഇപ്പോൾ വൻ തെരുവ് അക്രമങ്ങളിലേക്ക് വഴിമാറിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





