ഹൂസ്റ്റൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ നടന്ന നിർണായക ജനവിധികളിൽ മൂന്ന് മലയാളികൾക്ക് ഉജ്ജ്വല വിജയം. അമേരിക്കൻ നീതിന്യായ – പ്രാദേശിക ഭരണ രംഗങ്ങളിൽ മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ടെക്സസിലെ 240-ാം ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച സുരേന്ദ്രൻ കെ. പട്ടേൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആശാ റെഡ്ഡിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ആകെ ലഭിച്ച വോട്ടുകളിൽ 1,10,078 വോട്ടുകൾ (60.23%) നേടി, 37,396 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്.ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജൂലി എ. മാത്യുവും മികച്ച വിജയം സ്വന്തമാക്കി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെസ്സിക്ക ജാരാമില്ലോയെ പരാജയപ്പെടുത്തിയ ഇവർക്ക് 1,10,891 വോട്ടുകൾ (60.66%) ലഭിച്ചു. 38,966 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജൂലി ഈ മത്സരത്തിൽ നേടിയത്.
Also Read : കുടിയേറ്റ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോ? കാനഡയുടെ പുതിയ ഇമിഗ്രേഷൻ പ്ലാൻ വ്യാഴാഴ്ച ബജറ്റിൽ പുറത്തുവിടും
ഇവർക്ക് പുറമെ, ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കുള്ള കക്ഷിരഹിത തിരഞ്ഞെടുപ്പിൽ മാർട്ടിൻ ജോണും വിജയം കൈവരിച്ചു. എതിരാളിയായ ഷൈസാദ് ‘സാം’ ചത്രിവാലയെ പരാജയപ്പെടുത്തി 79,376 വോട്ടുകളോടെയാണ് (57.14%) മാർട്ടിൻ ജോൺ വിജയം സ്വന്തമാക്കിയത്. 19,845 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രവാസി മലയാളി സമൂഹത്തിന് വലിയ അഭിമാനകരമായ നേട്ടമാണിത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




