ന്യൂ ഹാംഷർ: സഹോദരന്റെ കത്തിയുമായുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവെച്ചു. യുഎസിലെ ന്യൂ ഹാംഷറിലെ അൽബനിയിൽ നടന്ന സംഭവത്തിൽ മാവ്റിക് ലിയോണിന് (21) ഗുരുതരമായി പരുക്കേറ്റു.
ലഹരിക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന സഹോദരൻ ജോൺ ഡിക്കോട്ട ലിയോണിന് പരോൾ ലഭിച്ചതിനെത്തുടർന്ന് വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെത്തിയ ഡിക്കോട്ട മാവ്റിക്കുമായി വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ മാവ്റിക് പൊലീസിനെ വിളിച്ചു.
പൊലീസ് എത്തിയതോടെ മാവ്റിക് വീടിന് പുറത്തേക്ക് ഓടി. ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തി വീടിന് മുന്നിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ കത്തി കണ്ട പൊലീസ് മാവ്റിക്കാണ് അക്രമിയെന്ന് കരുതി അഞ്ച് തവണ വെടിവെച്ചു. പിന്നാലെ ടേസറും പ്രയോഗിച്ചു.
നെഞ്ചിലും പുറത്തും വെടിയേറ്റ മാവ്റിക് താനല്ല അക്രമിയെന്ന് വിളിച്ചുപറഞ്ഞെങ്കിലും പൊലീസ് ഇയാളെ നിലത്തുവീഴ്ത്തി വിലങ്ങണിയിച്ചു. യഥാർഥ അക്രമിയായ ഡിക്കോട്ട ഈ സമയം വീടിന്റെ വാതിലിന് സമീപത്തുണ്ടായിരുന്നു. പിന്നീട് ആളെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഗുരുതരമായി പരുക്കേറ്റ മാവ്റിക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം. വെടിവയ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





