ന്യൂഫൗണ്ട്ലാൻഡ്:ന്യൂഫൗണ്ട്ലാൻഡിലെ ഗ്രോസ് മോൺ ദേശീയോദ്യാനത്തിൽ മൂസുകളുടെ എണ്ണം അമിതമായി വർധിച്ചതിനെത്തുടർന്ന് 65 ചതുരശ്ര കിലോമീറ്ററിലധികം വനമേഖല നശിച്ചതായാണ് കണക്ക്. കാടുകളിലെ ഇലകളും ഇളംമരങ്ങളും തിന്നുതീർക്കുന്ന മൂസുകൾ പുതിയ മരങ്ങൾ വളരുന്നതിനും തടസ്സമാകുന്നു. ഇതോടെ പല പ്രദേശങ്ങളിലും മരങ്ങൾ വളരാതെ കാടുകൾ പുൽമേടുകൾക്ക് സമാനമായ അവസ്ഥയിലേക്ക് മാറി. കാടുകളെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് വന്യജീവികളുടെ ഭക്ഷണവും താമസസ്ഥലവും ഇതോടെ കുറഞ്ഞു.
1904-ൽ വിനോദസഞ്ചാരത്തിനും വേട്ടയാടലിനുമായി നാല് മൂസുകളെയാണ് ന്യൂഫൗണ്ട്ലാൻഡിൽ തുറന്നുവിട്ടത്. അനുകൂലമായ സാഹചര്യങ്ങളും ഇവയെ വേട്ടയാടുന്ന സ്വാഭാവിക ശത്രുക്കളുടെ കുറവും മൂസുകളുടെ എണ്ണം വേഗത്തിൽ വർധിക്കാൻ കാരണമായി. 1950-കളുടെ അവസാനത്തോടെ ഇവയുടെ എണ്ണം ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെയെത്തിയെന്നാണ് കണക്ക്.
ALSO READ: മൃഗങ്ങൾക്കുള്ള മരുന്ന് മനുഷ്യർക്ക് നൽകി; ബി.സിയിൽ അക്യുപങ്ചർ പ്രാക്ടീഷണർക്ക് സസ്‌പെൻഷൻ
മൂസുകളെ വേട്ടയാടിയിരുന്ന ചെന്നായ്ക്കൾ 1930-ഓടെ ന്യൂഫൗണ്ട്ലാൻഡിൽ ഇല്ലാതായി. ഇതും മൂസുകളുടെ എണ്ണം വർധിക്കാൻ കാരണമായി. ഒരു മൂസ് ദിവസേന ഏകദേശം 20 മുതൽ 30 കിലോഗ്രാം വരെ ഇലകളും മരച്ചില്ലകളും ഭക്ഷിക്കും. തുടർച്ചയായ തീറ്റയെടുപ്പ് ഗ്രോസ് മോൺ, ടെറ നോവ ദേശീയോദ്യാനങ്ങളിലെ വനങ്ങളുടെ വളർച്ചയെ ബാധിച്ചു. പല പ്രദേശങ്ങളിലും ഇളംമരങ്ങൾ വളരാതെ വന്നതോടെ പഴയ മരങ്ങൾ നശിച്ചാൽ പകരം വളരാൻ പുതിയ മരങ്ങളില്ലാത്ത സാഹചര്യമാണുള്ളത്.
വനനാശം തടയാൻ മൂസുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും നശിച്ച വനങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള നടപടികൾ പാർക്സ് കാനഡ നടപ്പാക്കുന്നുണ്ട്. മൂസുകളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുകയും മരങ്ങൾ വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ഭാഗം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





