വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ (ബി.സി.) രോഗികൾക്ക് അശാസ്ത്രീയമായി മൃഗങ്ങൾക്കുള്ള വിരനാശിനികൾ കുറിച്ചുനൽകിയ അക്യുപങ്ചർ പ്രാക്ടീഷണർക്ക് പ്രൊഫഷണൽ റെഗുലേറ്ററുടെ നടപടി. ഡോസൺ ക്രീക്കിലെ ‘ദി ഹൗസ് ഓഫ് ഹീലിംഗ്’ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന കാറ്റി ജോൺസൺ എന്ന പ്രാക്ടീഷണറെയാണ് രണ്ട് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. അധികാരപരിധിക്ക് പുറത്തുനിന്ന് ഐവർമെക്റ്റിൻ (Ivermectin), മനുഷ്യ ഉപയോഗത്തിന് കാനഡയുടെ ഫുഡ് ആൻഡ് ഡ്രഗ്സ് ആക്ട് പ്രകാരം കർശന വിലക്കുള്ള ഫെൻബെൻഡാസോൾ (Fenbendazole) എന്നീ മരുന്നുകൾ കുറിച്ചുനൽകിയതായി ഇവർ സമ്മതിച്ചതിനെ തുടർന്നാണ് കോളേജ് ഓഫ് കോംപ്ലിമെന്ററി ഹെൽത്ത് പ്രൊഫഷണൽസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ ഈ അച്ചടക്ക ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വർഷം ആരംഭിച്ച അന്വേഷണത്തിൽ, കാറ്റി ജോൺസന്റെ തെറ്റായ പരസ്യ രീതികൾ, അധികാരപരിധി ലംഘിച്ചുള്ള മരുന്ന് കുറിപ്പുകൾ, ഔദ്യോഗിക രേഖകൾ സൂക്ഷിക്കുന്നതിലെ വീഴ്ചകൾ എന്നിവ വ്യക്തമായി കണ്ടെത്തിയിരുന്നു. രോഗികളുടെ ശാരീരിക പരിശോധന നടത്തുകയോ മെഡിക്കൽ ചരിത്രം രേഖപ്പെടുത്തുകയോ കൃത്യമായ നിരീക്ഷണം ഉറപ്പാക്കുകയോ ചെയ്യാതെയാണ് ഇവർ മൃഗങ്ങൾക്കുള്ള മരുന്നുകൾ നൽകിയത്. മാത്രമല്ല, റെഗുലേറ്ററി ബോർഡ് അന്വേഷണ നോട്ടീസ് നൽകിയതിനു പിന്നാലെ കേസ് വഴിതിരിച്ചുവിടാൻ രോഗികളുടെ ചികിത്സാ രേഖകളിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തി. സസ്‌പെൻഷനു പുറമേ, പ്രൊഫഷണൽ മാനദണ്ഡങ്ങൾ അനുസരിക്കാനും ആറ് പ്രത്യേക കോഴ്സുകൾ പൂർത്തിയാക്കാനും തുടർപരിശോധനകളോട് സഹകരിക്കാനും ഇവർ സമ്മതിച്ചിട്ടുണ്ട്.
മൃഗങ്ങളിലെ പരാന്നഭോജികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഐവർമെക്റ്റിൻ, ഫെൻബെൻഡാസോൾ എന്നിവയുടെ സംയോജനം കാൻസറിനെ സുഖപ്പെടുത്തുമെന്ന അവകാശവാദം പൊതുസമൂഹത്തിൽ പടർന്നതിന് പിന്നിൽ ജനപ്രിയ പോഡ്‌കാസ്റ്റുകളിലെ അടിസ്ഥാനരഹിതമായ ചർച്ചകളാണ്. പ്രമുഖ ഹോളിവുഡ് താരം മെൽ ഗിബ്സൺ ഒരു അഭിമുഖത്തിൽ ഈ മരുന്നുകൾ കഴിച്ച സുഹൃത്തുക്കൾ കാൻസർ മുക്തരായതായി പരാമർശിച്ചതോടെയാണ് ലോകമെമ്പാടും ഈ വ്യാജ പ്രചാരണം വ്യാപകമായത്. ഇത് പ്രചരിച്ചതിനെത്തുടർന്ന് ഇത്തരം മരുന്നുകളുടെ ഉപയോഗത്തിൽ കാര്യമായ വർധനയുണ്ടായതായി ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ (JAMA) ഗവേഷണം വ്യക്തമാക്കുന്നുണ്ട്.
ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം ചികിത്സാ അവകാശവാദങ്ങൾക്കെതിരെ പ്രമുഖ കാൻസർ ഗവേഷണ സംഘടനകൾ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ മരുന്നുകൾ കാൻസർ സുഖപ്പെടുത്തുമെന്നതിന് യാതൊരുവിധ ശാസ്ത്രീയ അല്ലെങ്കിൽ ക്ലിനിക്കൽ പരീക്ഷണ തെളിവുകളുമില്ലെന്ന് മെഡിക്കൽ ജേണലുകൾ സാക്ഷ്യപ്പെടുത്തുന്നു. കനേഡിയൻ കാൻസർ സൊസൈറ്റിയും അമേരിക്കൻ കാൻസർ സൊസൈറ്റിയും ഇത്തരം തെറ്റായ പ്രചാരണങ്ങളെ ശക്തമായി അപലപിച്ചു. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മരുന്നുകൾ പ്രചരിപ്പിക്കുന്നത് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വ്യാജ പ്രതീക്ഷകൾ നൽകുന്ന ക്രൂരവും അപകടകരവുമായ നടപടിയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





