വൻകൂവർ: വൻകൂവറിലെ പ്രശസ്തമായ ഫിലിപ്പിനോ വംശജരുടെ ‘ലപ്പൂ ലപ്പൂ ഡേ’ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് എസ്.യു.വി ഇടിച്ചുകയറ്റി 11 പേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി ആദം കൈ-ജി ലോ കോടതിയിൽ കുറ്റം നിഷേധിച്ചു. തനിക്കെതിരെ ചുമത്തിയ 42 കുറ്റങ്ങളും പ്രതി നിഷേധിക്കുകയായിരുന്നു.
വീഡിയോ കോൺഫറൻസിങ് വഴിയാണ് പ്രതി കോടതിയിൽ ഹാജരായത്. 11 കൊലപാതക കേസുകളും 31 വധശ്രമ കേസുകളുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2025 ഏപ്രിലിലായിരുന്നു കാനഡയെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കേസിൽ ജൂറി വിചാരണയ്ക്ക് പകരം ജഡ്ജി മാത്രം അടങ്ങുന്ന വിചാരണയാണ് പ്രതി തിരഞ്ഞെടുത്തത്. ബി.സി. സുപ്രീം കോടതിയിൽ 2027 ഏപ്രിൽ 19-ന് ആരംഭിക്കുന്ന വിചാരണ ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകും.
ALSO READ: കാണാതായിട്ട് ഒരു വർഷം; ബി.സിയിൽ 11 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
നേരത്തെ പ്രൊവിൻഷ്യൽ കോടതി പരിഗണിച്ചിരുന്ന ഈ കേസ് ബി.സി. സുപ്രീം കോടതിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്നും വിചാരണ നേരിടാൻ പ്രാപ്തനാണെന്നും രണ്ട് ഫോറൻസിക് സൈക്യാട്രിസ്റ്റുകൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി കണ്ടെത്തിയിരുന്നു.
ഈ ദാരുണ സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിലെ പൊതുപരിപാടികളിലും ഉത്സവങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ പ്രവിശ്യാ ഭരണകൂടം നടപ്പിലാക്കിവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





