ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാർ വധത്തെത്തുടർന്നുണ്ടായ നയതന്ത്ര തർക്കങ്ങൾക്കും ഉലച്ചിലുകൾക്കും ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം അതിവേഗം സാധാരണനിലയിലാകുന്നു. ബന്ധങ്ങൾ വെറുമൊരു ‘റീസെറ്റിൽ’ മാത്രം ഒതുങ്ങുന്നില്ലെന്നും 80 വർഷത്തെ നയതന്ത്ര ചരിത്രത്തിൽ ഇരുരാജ്യങ്ങളെയും ഇത്രയധികം അടുപ്പിക്കുന്ന മറ്റൊരു അന്തരീക്ഷം ഉണ്ടായിട്ടില്ലെന്നും ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ ക്രിസ്റ്റോഫർ കൂട്ടർ വ്യക്തമാക്കി. ‘ദി ഹിന്ദു മൈൻഡ്’ പരിപാടിയിൽ ദി ഹിന്ദു ഡിപ്ലോമാറ്റിക് അഫയേഴ്സ് എഡിറ്റർ സുഹാസിനി ഹൈദറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിച്ചേക്കുമെന്നും സന്ദർശനവേളയിൽ നിർണായക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം സൂചന നൽകി. കഴിഞ്ഞ 12 വർഷമായി പുരോഗമിക്കാതിരുന്ന സ്വതന്ത്ര വ്യാപാര ചർച്ചകൾ 2026 മാർച്ചിനുശേഷം അതിവേഗം പുരോഗമിക്കുകയാണെന്നും ഒൻപത് മാസത്തിനുള്ളിൽ കരാർ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.നിജ്ജാർ വധക്കേസുമായി ബന്ധപ്പെട്ട സുരക്ഷാ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് കൂട്ടർ വ്യക്തമാക്കി.
Also Read: ഐസ്‌ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം
ലോറൻസ് ബിഷ്ണോയ് ഗ്യാംഗിനെ ഭീകര സംഘടനയായി കാനഡ പ്രഖ്യാപിച്ചതും തട്ടിപ്പുസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതും ഇരുരാജ്യങ്ങൾക്കുമിടയിലെ അന്തരീക്ഷം മെച്ചപ്പെടുത്തി. ഊർജ്ജം, ഇ.വി ബാറ്ററികൾ നിർമ്മിക്കാനാവശ്യമായ പോട്ടാഷ്, ടൈറ്റാനിയം തുടങ്ങിയ അപൂർവ്വ ധാതുക്കൾ എന്നിവയിലെ സഹകരണം ശക്തമാക്കും. കാനഡയിലെ വിദ്യാർത്ഥി വിസ നിയമങ്ങൾ കർശനമാക്കിയത് ക്രമക്കേടുകൾ തടയാനാണെന്നും ഇന്ത്യയിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് കാനഡയുടെ വാതിലുകൾ എന്നും തുറന്നുകിടക്കുകയാണെന്നും ഹൈക്കമ്മീഷണർ കൂട്ടിച്ചേർത്തു. McGill ഉൾപ്പെടെയുള്ള മുൻനിര കനേഡിയൻ സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









