ഓട്ടവ: കാനഡയിൽ കുറഞ്ഞ വരുമാനക്കാർക്കും ലളിതമായ ടാക്സ് പ്രൊഫൈൽ ഉള്ളവർക്കും ടാക്സ് ഫില്ലിംഗ് എളുപ്പമാക്കാൻ കാനഡ റവന്യൂ ഏജൻസി (CRA) പുതിയ ‘പ്രീ-ഫിൽഡ് ടാക്സ് റിട്ടേൺ’ സേവനത്തിന് തുടക്കമിടുന്നു. 2027 മാർച്ച് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതിയിലൂടെ തുടക്കത്തിൽ ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾക്ക് സേവനം ലഭ്യമാകും. വരും വർഷങ്ങളിൽ ഇത് വ്യാപിപ്പിച്ച് 2029 ഓടെ 5.5 ദശലക്ഷം ആളുകളിലേക്ക് എത്തിക്കാനാണ് ഏജൻസി ലക്ഷ്യമിടുന്നത്. ഈ പുതിയ സംവിധാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന യോഗ്യതാ പരിശോധനാ തീയതി 2026 ഒക്ടോബർ 31ആണ്.
നിങ്ങളുടെ T4, T4A, T5 സ്ലിപ്പുകളും മറ്റ് സർക്കാർ ആനുകൂല്യങ്ങളുടെ രേഖകളും ഉപയോഗിച്ച് CRA ഫോമിൽ വിവരങ്ങൾ മുൻകൂട്ടി നൽകുന്ന രീതിയാണിത്. തയാറാക്കിയ ഡ്രാഫ്റ്റ് റിട്ടേൺ നിങ്ങളുടെ CRA My Account-ൽ ലഭ്യമാകും. വ്യക്തികൾക്ക് ഇത് പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തിയ ശേഷം സമർപ്പിക്കാം. ഇത് ഏജൻസി സ്വയം ഫയൽ ചെയ്യുന്ന രീതിയല്ല, മറിച്ച് പൂർണ്ണ നിയന്ത്രണം ഉപഭോക്താവിനായിരിക്കും.
2027 മാർച്ചിലെ ആദ്യ ഘട്ടത്തിൽ ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. 2026 ഒക്ടോബർ 31-ന് മുമ്പ് 2025-ലെ റിട്ടേൺ പൂർത്തിയാക്കിയിരിക്കണം. കൂടാതെ സജീവമായ CRA അക്കൗണ്ട് ഉണ്ടായിരിക്കുകയും, ലെറ്ററുകളും മറ്റ് അറിയിപ്പുകളും ഇ-മെയിൽ വഴി സ്വീകരിക്കുന്നതിനുള്ള ഓപ്ഷൻ ക്രമീകരിക്കുകയും വേണം. ഒക്ടോബർ 31 ഒരു നികുതി അടയ്ക്കൽ തീയതിയല്ല, മറിച്ച് പദ്ധതിയുടെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാനുള്ള തീയതി മാത്രമാണ്.
ജോലിയിലൂടെ ശമ്പള ഇനത്തിൽ വരുമാനം ലഭിക്കുന്ന ആളുകൾ, പെൻഷൻ ലഭിക്കുന്നവർ, ഇ.ഐ, മറ്റ് സർക്കാർ സഹായങ്ങൾ എന്നിവ മാത്രം വരുമാന മാർഗ്ഗമായിട്ടുള്ള ആളുകൾ എന്നിവരാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുക. അതേസമയം സ്വയംതൊഴിൽ ചെയ്യുന്നവർ, വാടക വരുമാനമുള്ളവർ, മറ്റ് സങ്കീർണ്ണമായ സാമ്പത്തിക ഇടപാടുകൾ ഉള്ളവർ എന്നിവർക്ക് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കില്ല.
ഈ സൗകര്യം ലഭിച്ചില്ലെങ്കിലും സാധാരണ രീതിയിലുള്ള ടാക്സ് സോഫ്റ്റ്വെയറുകൾ വഴിയോ ഏജൻസികൾ വഴിയോ ഫയലിംഗ് നടത്താവുന്നതാണ്. കാനഡ ചൈൽഡ് ബെനഫിറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ കൃത്യസമയത്ത് ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്. മുൻകൂട്ടി തയാറാക്കിയ ഫോമുകൾ ലഭിക്കുന്നവർക്കും ഏപ്രിൽ 30 തന്നെയാണ് അന്തിമ ഫയലിംഗ് തീയതി.
കൂടുതൽ ഇമിഗ്രേഷൻ വാർത്തകൾക്കായി: https://chat.whatsapp.com/FPKIxDWK4Sq59rSaUB2Jr8?s=cl&p=a&ilr=4





