ഓട്ടവ : മുതിർന്ന പൗരന്മാരുടെ സമ്പാദ്യ പദ്ധതി നടപടികൾ ലളിതമാക്കാൻ ലക്ഷ്യമിട്ട് റജിസ്റ്റേർഡ് റിട്ടയർമെന്റ് സേവിംഗ്സ് പ്ലാനിൽ (RRSP) നിർണായക ഭേദഗതികളുമായി കനേഡിയൻ ഫെഡറൽ സർക്കാർ. പുതിയ ഫെഡറൽ ബജറ്റിലാണ് ആർആർഎസ്പി ഫോർ ലൈഫ് എന്ന പേരിൽ ആർആർഎസ്പി അക്കൗണ്ടുകൾ തുടരുന്നതിനുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ നിർദേശിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങൾ പ്രായമായവർക്ക് കൂടുതൽ സൗകര്യപ്രദമാണെങ്കിലും, ജീവിതച്ചെലവ് വർധനവിൽ വലയുന്ന സാധാരണക്കാരായ മുതിർന്ന പൗരന്മാരുടെ യഥാർത്ഥ പ്രതിസന്ധികൾക്ക് ഇത് പരിഹാരമാകില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള നിയമപ്രകാരം, അക്കൗണ്ടുടമയ്ക്ക് 71 വയസ്സ് തികയുമ്പോൾ ആർആർഎസ്പി അക്കൗണ്ട് ഒന്നുകിൽ പൂർണമായി പിൻവലിക്കണം, അല്ലെങ്കിൽ റജിസ്റ്റേർഡ് റിട്ടയർമെന്റ് ഇൻകം ഫണ്ടിലേക്ക് (RRIF) മാറ്റേണ്ടതുണ്ട്. ഇതിന് പകരം, 71 വയസ്സിന് ശേഷവും ആർആർഎസ്പി അക്കൗണ്ടുകൾ അതേപടി നിലനിർത്താൻ അനുവദിക്കുന്നതാണ് ഒട്ടാവയുടെ പുതിയ നിർദേശം. ഇതിലൂടെ ഓരോ വർഷവും ലക്ഷക്കണക്കിന് മുതിർന്ന പൗരന്മാർക്ക് ഉണ്ടാകുന്ന സങ്കീർണ്ണമായ പേപ്പർ വർക്കുകളും സാമ്പത്തിക നടപടിക്രമങ്ങളും ലഘൂകരിക്കാനാകുമെന്ന് ബാങ്കിംഗ് വിദഗ്ധർ വ്യക്തമാക്കുന്നു.
കൂടാതെ, അക്കൗണ്ടുടമയുടെ മരണശേഷം പങ്കാളിക്ക് നികുതി സങ്കീർണതകളില്ലാതെ തന്നെ അക്കൗണ്ട് സ്വന്തം പേരിലേക്ക് മാറ്റാനും പുതിയ നിർദേശം അവസരമൊരുക്കുന്നു. എന്നാൽ, 71 വയസ്സിന് ശേഷം ആർആർഎസ്പി അക്കൗണ്ടുകളിലേക്ക് പുതിയ നിക്ഷേപങ്ങൾ നടത്താൻ അനുവാദമുണ്ടായിരിക്കില്ലെന്ന് ധനമന്ത്രി ഫ്രാൻസിസ് ഫിലിപ്പ് ഷാംപെയ്ന്റെ പ്രസ് സെക്രട്ടറി ജോൺ ഫ്രാഗോസ് വ്യക്തമാക്കി. പകരം, സരാശരി ആയുസ്സ് കണക്കാക്കി 72 വയസ്സ് മുതൽ നിശ്ചിത ശതമാനം തുക നിർബന്ധമായും പിൻവലിക്കേണ്ടി വരും.
ALSO READ: നയാഗ്ര ഫാൾസ് വിദ്യാർഥികൾക്ക് 1 മില്യൺ സ്കോളർഷിപ്പ്; സേ യെസും നയാഗ്ര സർവകലാശാലയും കൈകോർക്കുന്നു
ഗവണ്മെന്റിന്റെ ഈ പുതിയ നീക്കത്തിൽ വ്യാഴാഴ്ച ആരംഭിച്ച പൊതുജനാഭിപ്രായ സ്വീകരണം 2027 ജനുവരി 8 വരെ തുടരും. മാറ്റങ്ങൾ സ്വാഗതാർഹമാണെങ്കിലും, ഇത് പെൻഷനോ ആർആർഎസ്പി അക്കൗണ്ടുകളോ ഉള്ള ചുരുക്കം ചിലർക്ക് മാത്രമാണ് ഉപകാരപ്പെടുകയെന്ന് ചാർട്ടേഡ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് കാനഡയുടെ സോഷ്യൽ ഇംപാക്ട് ഡയറക്ടർ ലി ഷാങ് വ്യക്തമാക്കുന്നു. കാനഡയിൽ 33 മുതൽ 37 ശതമാനം വരെ ആളുകൾക്ക് മാത്രമാണ് ഇത്തരം പെൻഷൻ സമ്പാദ്യങ്ങളുള്ളത്. വലിയൊരു വിഭാഗം മുതിർന്ന പൗരന്മാരും ജീവിതച്ചെലവ് താങ്ങാനാകാതെ ചാരിറ്റി സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ ഭേദഗതി കേവലം പേരുമാറ്റം മാത്രമായി ഒതുങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





