ഒന്റാരിയോ; കാനഡയിൽ പൗരത്വ സർട്ടിഫിക്കറ്റിനായി (Proof of Citizenship) കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളെ ആശങ്കയിലാഴ്ത്തി ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) പുതിയ റിപ്പോർട്ട്. പൗരത്വ സർട്ടിഫിക്കറ്റ് അപേക്ഷകൾ തീർപ്പാക്കുന്നതിൽ വലിയ തോതിലുള്ള മന്ദഗതിയാണ് നിലവിൽ അനുഭവപ്പെടുന്നത്. പുതിയ കണക്കുകൾ പ്രകാരം, ഇന്ന് ഈ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന ഒരാൾക്ക് അത് ലഭിക്കാൻ ഏകദേശം 33 മാസം, അതായത് 3 വർഷത്തോളം, കാത്തിരിക്കേണ്ടി വരുമെന്നാണ് വെളിപ്പെടുത്തൽ.
ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ പ്രതിമാസം ശരാശരി 5,788 അപേക്ഷകൾ തീർപ്പാക്കിയിരുന്ന സ്ഥാനത്ത്, ജൂലൈ മാസത്തിൽ വെറും 2,420 അപേക്ഷകൾ മാത്രമാണ് പ്രോസസ്സ് ചെയ്യാൻ സാധിച്ചത്. ഇതോടെ നിലവിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം 1.36 ലക്ഷ കടന്നിരിക്കുകയാണ്. അപേക്ഷകൾ ഇത്രത്തോളം കുതിച്ചുയരാൻ പ്രധാന കാരണം കാനഡ സർക്കാരിന്റെ ചരിത്രപരമായ ഒരു നിയമഭേദഗതിയാണ്.
2025 ഡിസംബർ 15-ന് പ്രാബല്യത്തിൽ വന്ന ‘ബിൽ C-3’ (Bill C-3) നിയമപ്രകാരം, വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ അടുത്ത തലമുറയ്ക്ക് പൗരത്വം നൽകുന്നതിലുണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങൾ (First-generation limit) പൂർണ്ണമായും നീക്കം ചെയ്തു. ഇതനുസരിച്ച് വിദേശത്ത് ജനിച്ചവരാണെങ്കിലും കനേഡിയൻ പാരമ്പര്യമുള്ള ഏത് തലമുറയിൽപ്പെട്ടവർക്കും പൗരത്വത്തിന് അപേക്ഷിക്കാം. ഈ നിയമപരമായ ഇളവ് വന്നതോടെ, പ്രത്യേകിച്ച് അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഒരേസമയം അപേക്ഷകളുമായി എത്തിയത്.
കൂടാതെ, ജൂൺ മാസത്തിൽ മുൻപ് നൽകിയ ചില സർട്ടിഫിക്കറ്റുകളിൽ ക്രമക്കേടുകൾ ഉണ്ടോയെന്ന് പുനഃപരിശോധിക്കാൻ ഐആർസിസി പ്രോസസ്സിംഗ് താൽക്കാലികമായി നിർത്തിവെച്ചതും പ്രതിസന്ധി ഇരട്ടിയാക്കി. എന്നാൽ, അടിയന്തര സാഹചര്യമുള്ള അപേക്ഷകർക്ക് ഈ ദീർഘകാല കാത്തിരിപ്പ് ഒഴിവാക്കാനുള്ള പ്രത്യേക വ്യവസ്ഥയും കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് നൽകുന്നുണ്ട്.
Also Read: ഐസ്‌ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം
പൗരത്വം നിർബന്ധമുള്ള ജോലി ഓഫർ ലഭിച്ചവർ, കാനഡയിലേക്കോ തിരിച്ചോ അടിയന്തരമായി യാത്ര ചെയ്യേണ്ടവർ, പെൻഷൻ/ആരോഗ്യം തുടങ്ങിയ അടിയന്തര ആനുകൂല്യങ്ങൾ ആവശ്യമുള്ളവർ, ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടേണ്ട വിദ്യാർത്ഥികൾ എന്നിവർക്ക് ‘അടിയന്തര പ്രോസസ്സിംഗിനായി’ (Urgent Processing) അപേക്ഷിക്കാം. ഇതിനായി സാധാരണ രീതിയിൽ അപേക്ഷ നൽകിയ ശേഷം, അടിയന്തിരമായി സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് വ്യക്തമാക്കുന്ന കത്തും അതിനെ സാധൂകരിക്കുന്ന രേഖകളും (ജോബ് ഓഫർ ലെറ്റർ, ടിക്കറ്റ്, അഡ്മിഷൻ ലെറ്റർ) സമർപ്പിക്കണം. ഐആർസിസി ഇത് പരിശോധച്ച് ബോധ്യപ്പെട്ടാൽ അപേക്ഷ മുൻഗണനാ പട്ടികയിലേക്ക് മാറ്റി നൽകും.
നിലവിൽ പെർമനന്റ് റെസിഡന്റ് (PR) ഉടമകൾ പൗരത്വത്തിനായി നൽകുന്ന ‘സിറ്റിസൺഷിപ്പ് ഗ്രാൻഡ്’ അപേക്ഷകളെ ഇത് ബാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അവ സാധാരണ വേഗത്തിൽത്തന്നെ പ്രോസസ്സ് ചെയ്യപ്പെടുന്നുണ്ട്. കാനഡയിൽ ജീവിക്കാനും ജോലിയെടുക്കാനും പാസ്‌പോർട്ടിന് അപേക്ഷിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പുനൽകുന്ന ഒന്നാണ് പൗരത്വ സർട്ടിഫിക്കറ്റ്.
അപേക്ഷകളുടെ എണ്ണത്തിൽ വന്ന ഈ അഭൂതപൂർവ്വമായ വർദ്ധനവ് മറികടക്കാൻ ഇമിഗ്രേഷൻ വകുപ്പ് പുതിയ സാങ്കേതികവിദ്യകളും കൂടുതൽ ജീവനക്കാരെയും സജ്ജമാക്കുന്നുണ്ടെങ്കിലും, അടുത്ത ഏതാനും മാസങ്ങളിലേക്ക് ഈ കാത്തിരിപ്പ് തുടരാനാണ് സാധ്യത. അതിനാൽ കനേഡിയൻ പാരമ്പര്യമുള്ളവരോ അടിയന്തരമായി സർട്ടിഫിക്കറ്റ് പുതുക്കേണ്ടവരോ ആണെങ്കിൽ, കാലതാമസം ഒഴിവാക്കാൻ ആവശ്യമായ കൃത്യമായ രേഖകൾ സഹിതം എത്രയും വേഗം അപേക്ഷ സമർപ്പിക്കുന്നതാണ് ബുദ്ധി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









