ഓട്ടവ: കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ അപേക്ഷകൾ വേഗത്തിൽ പരിഗണിക്കാനും ചില വിഭാഗങ്ങൾക്ക് സ്ഥിരതാമസം ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും ഫെഡറൽ സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 2027-ൽ കൂടുതൽ സ്ഥിരതാമസ പ്രവേശന സൗകര്യം ഉപയോഗിച്ച് അപേക്ഷകളുടെ നടപടികൾ പൂർത്തിയാക്കാനാണ് IRCC ലക്ഷ്യമിടുന്നത്. നവംബർ 10-നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഈ പദ്ധതിയിലൂടെ ഹോങ്കോങ്ങിൽ നിന്നുള്ള 32,000 പേർക്കും യുക്രെയ്ൻ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ അപേക്ഷിച്ച 18,800 പേർക്കും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സ്ഥിരതാമസത്തിന് അനുമതി ലഭിക്കാൻ യോഗ്യത നേടിയ 12,600 പേരുടെ അപേക്ഷകളിലും വേഗത്തിൽ നടപടിയെടുക്കും. കാനഡയിൽ താമസിക്കുന്നവരുടെ ജീവിതപങ്കാളികൾക്കും മറ്റ് യോഗ്യരായ പങ്കാളികൾക്കും ആശ്രിതരായ കുട്ടികൾക്കുമായി 45,000 പേരെ വരെ സ്ഥിരതാമസ നടപടികൾ വേഗത്തിലാക്കാനും പദ്ധതിയുണ്ട്.
കാനഡയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 1 ലക്ഷം വരെ തൊഴിലാളികൾക്കും അവരുടെ യോഗ്യരായ കുടുംബാംഗങ്ങൾക്കും സ്ഥിരതാമസത്തിലേക്ക് മാറാൻ സഹായം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇതിനായി പ്രവിശ്യാ, പ്രാദേശിക സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് IRCC അറിയിച്ചു. നിലവിൽ കാനഡയിൽ താമസിക്കുകയും പ്രാദേശിക തൊഴിൽ മേഖലകളിൽ സംഭാവന നൽകുകയും ചെയ്യുന്നവരെ രാജ്യത്ത് നിലനിർത്തുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.
അതേസമയം, പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമായി നിർത്തലാക്കിയ ഇമിഗ്രേഷൻ പാതകൾ വീണ്ടും തുറക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഹോങ്കോങ്ങിലെ സ്ഥിരതാമസത്തിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് 2026 ഓഗസ്റ്റ് 31-ന് അവസാനിച്ചിരുന്നു. Ukrainian Family Reunification Pathway-യിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് 2024 ഒക്ടോബർ 22-നും അവസാനിപ്പിച്ചിരുന്നു. ഈ സമയപരിധികൾക്ക് മുമ്പ് ലഭിച്ച അപേക്ഷകളാണ് അധിക സൗകര്യം ഉപയോഗിച്ച് പരിഗണിക്കുക.
പുതിയ നടപടിയുടെ പ്രയോജനം ലഭിക്കാൻ അപേക്ഷകർ പ്രത്യേകം അപേക്ഷിക്കുകയോ IRCC-യെ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യേണ്ടതില്ല. നിലവിലുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ യോഗ്യമായ കേസുകൾ വകുപ്പ് പരിഗണിക്കും. ആവശ്യപ്പെടുന്ന രേഖകൾ സമയബന്ധിതമായി നൽകുകയും ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കുകയും ചെയ്യണമെന്ന് അപേക്ഷകർക്ക് നിർദേശമുണ്ട്. എന്നാൽ നടപടികൾ വേഗത്തിലാക്കുന്നത് സ്ഥിരതാമസ അനുമതി ഉറപ്പാക്കുന്നില്ലെന്നും ഓരോ അപേക്ഷയും നിലവിലുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരിശോധിക്കുകയെന്നും വകുപ്പ് വ്യക്തമാക്കി.
Read more : കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ
കാനഡയുടെ 2027–2029 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ പ്രകാരം പ്രതിവർഷം 3,80,000 സ്ഥിരതാമസ പ്രവേശനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ 2027, 2028 വർഷങ്ങളിലായി 2 ലക്ഷം വരെ അധിക സ്ഥിരതാമസ പ്രവേശനങ്ങൾക്ക് സൗകര്യമൊരുക്കുന്ന പ്രത്യേക നടപടിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം 2027 അവസാനത്തോടെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായും ഈ നീക്കം വിലയിരുത്തപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





