ഓട്ടവ: കാനഡയിലെ താത്കാലിക വിദേശ തൊഴിലാളി നിയമന സംവിധാനമായ ‘ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ്’ (LMIA) ചട്ടങ്ങളിൽ കനേഡിയൻ ഭരണകൂടം രണ്ടു പ്രധാനം മാറ്റങ്ങൾ വരുത്തി. കാനഡയിലെ തൊഴിലുടമകളെയും നിലവിൽ രാജ്യത്ത് തുടരുന്ന വിദേശ തൊഴിലാളികളെയും നേരിട്ട് ബാധിക്കുന്ന പരിഷ്കാരങ്ങളാണ് ഓഗസ്റ്റ് 18, 21 തീയതികളിലായി പ്രാബല്യത്തിൽ വന്നത്. കുറഞ്ഞ വേതന വിഭാഗത്തിലുള്ള എൽ.എം.ഐ.എ അപേക്ഷകളിലെ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്ന ശൈലി മാറ്റിയതും ഇൻ-കാനഡ വർക്ക് പെർമിറ്റ് അപേക്ഷകരുടെ കാത്തിരിപ്പ് കാലാവധി ഉയർത്തിയതുമാണ് പുതിയ നടപടികൾ.
കുറഞ്ഞ വേതന അപേക്ഷകളിൽ പരിധി കണക്കാക്കുന്നതിൽ പുതിയ രീതി
എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ (ESDC) ഓഗസ്റ്റ് 18 മുതൽ കുറഞ്ഞ വേതന LMIA പരിധി നിർണയിക്കുന്നതിൽ പുതിയ സംവിധാനം നടപ്പാക്കി. മുൻപ് ഒരു സ്ഥാപനത്തിന്റെ കാനഡയിലെ ആകെ ജീവനക്കാരുടെ എണ്ണമാണ് പരിഗണിച്ചിരുന്നതെങ്കിൽ, ഇനിമുതൽ ഓരോ ജോലിസ്ഥലത്തെയും ജീവനക്കാരുടെ എണ്ണം മാത്രമാണ് അടിസ്ഥാനമാക്കുക. 10-ൽ താഴെ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ കുറഞ്ഞത് 10 ജീവനക്കാരുണ്ടെന്ന് കണക്കാക്കിയാകും അനുമതി നൽകുക. 10 ശതമാനം പരിധിയുള്ള മേഖലകളിൽ ഒരു വിദേശ തൊഴിലാളിയെയും, 20 ശതമാനം പരിധിയുള്ള നിർമാണം, ഭക്ഷ്യ ഉത്പാദനം, ആശുപത്രികൾ തുടങ്ങിയ മേഖലകളിൽ പരമാവധി രണ്ട് പേരെയും നിയമിക്കാം. ഒന്നിലധികം ശാഖകളുള്ള സ്ഥാപനങ്ങൾക്ക് ഓരോ കേന്ദ്രത്തെയും സ്വതന്ത്രമായി പരിഗണിച്ച് കൂടുതൽ തൊഴിലാളികളെ നിയമിക്കാൻ ഇത് അവസരമൊരുക്കും.
വർക്ക് പെർമിറ്റ് അപേക്ഷകളുടെ പ്രൊസസിങ് സമയം 90 ദിവസമാക്കി
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) ഓഗസ്റ്റ് 21 മുതൽ “കൺകറന്റ് പ്രൊസസിങ്” കാലാവധി 60 ദിവസത്തിൽ നിന്ന് 90 ദിവസമായി ഉയർത്തി. വർക്ക് പെർമിറ്റിന്റെ കാലാവധി രണ്ടാഴ്ചയിൽ താഴെ മാത്രം ബാക്കിയുള്ളവർക്ക് തൊഴിലുടമയുടെ എൽ.എം.ഐ.എ അപേക്ഷയിൽ അന്തിമ തീരുമാനം വരുംമുമ്പ് തന്നെ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. ഇത്തരക്കാരുടെ അപേക്ഷകൾ ഐ.ആർ.സി.സി 90 ദിവസം വരെ തീരുമാനം എടുക്കാതെ മാറ്റിവെക്കും. ഈ സമയപരിധിക്കുള്ളിൽ അനുകൂലമായ എൽ.എം.ഐ.എ രേഖ സമർപ്പിച്ചാൽ മതിയാകും. സമയപരിധിക്കുള്ളിൽ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ലഭ്യമായ വിവരങ്ങൾ വെച്ച് അപേക്ഷ നിരസിക്കാനാണ് സാധ്യത.
ജോലിസ്ഥലത്തെക്കുറിച്ചുള്ള പരിശോധന കർശനമാക്കും
പുതിയ ഉത്തരവ് പ്രകാരം തൊഴിലുടമകൾ നൽകുന്ന ജോലിസ്ഥലത്തിന്റെ വിവരങ്ങളും സ്ഥാപനങ്ങളുടെ പ്രവർത്തന പശ്ചാത്തലവും അധികൃതർ കർശനമായി പരിശോധിക്കും. കുറഞ്ഞ വേതന പരിധി ഓരോ ശാഖ അടിസ്ഥാനമാക്കി മാറിയതിനാലാണ് പരിശോധന ശക്തിപ്പെടുത്തുന്നത്. ഇതിനായി ജീവനക്കാരുടെ വേതന രേഖകൾ (പേറോൾ), തൊഴിലിന്റെ യഥാർത്ഥ ആവശ്യകത എന്നിവ ഇ.എസ്.ഡി.സി നേരിട്ട് വിലയിരുത്തും. തത്സമയ പരിശോധനകൾക്കും ഇന്‍സ്പെക്ടർമാർക്ക് അധികാരമുണ്ടായിരിക്കും. വ്യാജ വിവരങ്ങൾ നൽകി ആനുകൂല്യങ്ങൾ നേടുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Also Read: കാനഡ വർക്ക് പെർമിറ്റ് എക്സ്റ്റൻഷൻ നിയമങ്ങളിൽ മാറ്റം: ഗ്രേസ് പീരിയഡ് 90 ദിവസമായി ഉയർത്തി
സ്ഥാപനങ്ങളുടെ നിയമസാധുത തെളിയിക്കാൻ കൂടുതൽ രേഖകൾ
കഴിഞ്ഞ രണ്ടു വർഷത്തിനിടെ അനുകൂലമായ എൽ.എം.ഐ.എ ലഭിച്ചിട്ടില്ലാത്ത തൊഴിലുടമകൾ ബിസിനസിന്റെ നിയമസാധുത തെളിയിക്കാൻ കൂടുതൽ രേഖകൾ ഹാജരാക്കേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സാധുവായ ബിസിനസ് ലൈസൻസ് നൽകേണ്ടത് നിർബന്ധമാണ്. ലൈസൻസ് ലഭ്യമല്ലാത്ത പക്ഷം ടി-4 സമ്മറി, ടി-2 ഷെഡ്യൂൾ രേഖകൾ അല്ലെങ്കിൽ പി.ഡി.7എ സ്റ്റേറ്റ്‌മെന്റുകൾ തുടങ്ങിയ നികുതി സംബന്ധമായ ഔദ്യോഗിക പത്രങ്ങൾ സമർപ്പിക്കേണ്ടി വരും. ആവശ്യാനുസരണം അധിക രേഖകൾ ആവശ്യപ്പെടാൻ സർവീസ് കാനഡയ്ക്ക് അധികാരമുണ്ടാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Are you a foreign worker in Canada? Here are two crucial rules that came into effect in August.





