ഓട്ടവ: കാനഡയിലേക്ക് പുതുതായി എത്തുന്ന താൽക്കാലിക താമസക്കാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) വെളിപ്പെടുത്തി. 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വിദേശ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും വരവിൽ 63 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കുടിയേറ്റ നയങ്ങളിൽ വരുത്തിയ ഘടനാപരമായ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.
പുതിയ തൊഴിലാളികളുടെ വരവ് കുറഞ്ഞെങ്കിലും നിലവിൽ രാജ്യത്തുള്ള വർക്ക് പെർമിറ്റ് ഉടമകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. 2024 ഓഗസ്റ്റിൽ 14.3 ലക്ഷമായിരുന്ന വർക്ക് പെർമിറ്റ് ഉടമകളുടെ എണ്ണം 2026 ഓഗസ്റ്റിൽ 15.5 ലക്ഷമായി ഉയർന്നു. നിലവിലുള്ള പെർമിറ്റുകളുടെ കാലാവധി നീട്ടി നൽകിയതും വിസ നിയമങ്ങളിലെ മാറ്റങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രാജ്യത്തേക്ക് ലഭിക്കുന്ന അഭയ അപേക്ഷകളുടെ എണ്ണത്തിലും വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഭയ അപേക്ഷകളിൽ 68 ശതമാനത്തിന്റെ ഇടിവാണ് പ്രകടമായത്. വിസ നിയമങ്ങൾ കടുപ്പിച്ചതും അതിർത്തി സുരക്ഷ ശക്തമാക്കാൻ കൊണ്ടുവന്ന പുതിയ നിയമനിർമ്മാണങ്ങളുമാണ് അഭയ അപേക്ഷകൾ കുറയാൻ ഇടയാക്കിയത്.
2026-ലെ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ പ്രകാരം സ്ഥിര താമസ പദവി നൽകുന്ന നടപടികൾ ലക്ഷ്യത്തോടടുക്കുകയാണ്. ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 2.16 ലക്ഷത്തിലധികം ആളുകൾക്ക് സ്ഥിര താമസ പദവി ലഭിച്ചു കഴിഞ്ഞു. പുതിയതായി സ്ഥിര താമസം നേടിയവരിൽ 58 ശതമാനവും നേരത്തെ രാജ്യത്ത് താൽക്കാലികമായി താമസിച്ചിരുന്നവരാണെന്ന പ്രത്യേകതയുമുണ്ട്.
Also Read : NL PNP/AIP ഡ്രോ: 2026 ഒക്ടോബർ 16-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം
അഭയാർത്ഥി അപേക്ഷകളിലും താൽക്കാലിക വിസകളിലും നിയന്ത്രണം ഏർപ്പെടുത്തുമ്പോഴും പൗരത്വം നൽകുന്ന നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് വരെ ഏകദേശം 2.18 ലക്ഷം ആളുകൾക്ക് കനേഡിയൻ പൗരത്വം നൽകി. അപേക്ഷാ പ്രക്രിയ ഡിജിറ്റലൈസ് ചെയ്തതാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





