ഓട്ടവ: വംശപരമായി കനേഡിയൻ പൗരത്വത്തിന് അർഹതയുള്ളവർ പൗരത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഇനി വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും. കാനഡ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻപ് 10 മാസമായിരുന്ന അപേക്ഷാ തീർപ്പാക്കൽ സമയം ഒറ്റയടിക്ക് 25 മാസമായി ഉയർന്നു.
നിലവിൽ 1,21,000-ലധികം അപേക്ഷകളാണ് കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ മുൻപിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 22,300 പുതിയ അപേക്ഷകളാണ് ലഭിച്ചത്. 2025 ഡിസംബർ 15-ന് നിലവിൽ വന്ന പുതിയ നിയമ ഭേദഗതിയിലൂടെ ഒന്നാം തലമുറ പരിധി മാറ്റിയതാണ് അപേക്ഷകളുടെ എണ്ണം കുത്തനെ കൂട്ടിയത്. ഇതോടെ മുൻ തലമുറകളിൽ കനേഡിയൻ പൗരത്വമുള്ള ആർക്കും അപേക്ഷിക്കാമെന്ന സാഹചര്യം വന്നു. കൂടാതെ, ജൂൺ മാസത്തിൽ ചില സർട്ടിഫിക്കറ്റുകളിൽ സംശയം തോന്നി നടത്തിയ സുരക്ഷാ പരിശോധനകളും കാത്തിരിപ്പ് സമയം വർദ്ധിപ്പിച്ചു.
രേഖകളെല്ലാം കൃത്യമാണെങ്കിൽ ഇനിയും വൈകിക്കാതെ ഉടനടി അപേക്ഷ നൽകുകയാണ് ഇതിൽ ആദ്യ പടി. അപേക്ഷ സമർപ്പിക്കാൻ വൈകുന്ന ഓരോ മാസവും മൊത്തത്തിലുള്ള കാത്തിരിപ്പ് കാലാവധി വീണ്ടും നീട്ടാൻ കാരണമാകും. പ്രധാനപ്പെട്ട ആർക്കൈവ് രേഖകൾ ലഭിക്കാൻ വൈകുന്ന സാഹചര്യമാണെങ്കിൽ, അതിനായി അപേക്ഷിച്ചതിന്റെ തെളിവും വിശദീകരണക്കത്തും പകരം മറ്റ് രേഖകളും വച്ച് അപേക്ഷ സമർപ്പിക്കാം. എന്നാൽ രേഖകൾ പൂർണ്ണമല്ലെങ്കിൽ അപേക്ഷ തിരികെ അയക്കാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ ആവശ്യമാണ്.
തൊഴിൽ അവസരങ്ങൾ, ഉപരിപഠനം, കുടുംബത്തിലെ അടിയന്തര സാഹചര്യങ്ങൾ, ഗുരുതരമായ രോഗം മൂലം യാത്ര ചെയ്യേണ്ട സാഹചര്യം എന്നിവയുള്ളവർക്ക് ‘എക്സ്പെഡൈറ്റഡ് പ്രോസസ്സിംഗ്’ വഴി അടിയന്തരമായി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ അഭ്യർത്ഥിക്കാം. അപേക്ഷ സമർപ്പിച്ച് കാലതാമസം നേരിടുന്നവർക്ക് കനേഡിയൻ പൗരനായ ഒരു പ്രതിനിധി വഴി ഗവൺമെന്റിന്റെ എടിഐപി പോർട്ടലിലൂടെ ജിസിഎംഎസ് നോട്ട്സ് പരിശോധിക്കാനും ഫയലിന്റെ നിലവിലെ സ്ഥിതി അറിയാനും സാധിക്കും. കൃത്യമായ കാരണമില്ലാതെ അപേക്ഷകൾ നീണ്ടുപോവുകയാണെങ്കിൽ, വേഗത്തിൽ തീരുമാനമെടുക്കാൻ ആവശ്യപ്പെട്ട് കനേഡിയൻ ഫെഡറൽ കോടതിയിൽ ‘റിട്ട് ഓഫ് മാൻഡമസ്’ ഹർജി ഫയൽ ചെയ്യാനും അപേക്ഷകർക്ക് അവസരമുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









