ഓട്ടവ: കാനഡയിലെ ജനപ്രിയ കുടിയേറ്റ പദ്ധതിയായ അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴി സ്ഥിരതാമസത്തിന് അപേക്ഷിച്ചവർക്കായി പുതിയതും കർശനവുമായ മാർഗ്ഗനിർദ്ദേശങ്ങൾ ഫെഡറൽ സർക്കാർ പുറപ്പെടുവിച്ചു. ജോലിയിലോ തൊഴിൽദാതാവിന്റെ ഉടമസ്ഥതയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ 90 ദിവസത്തിനുള്ളിൽ അറിയിച്ചില്ലെങ്കിൽ അപേക്ഷകൾ നേരിട്ട് നിരസിക്കാനാണ് പുതിയ തീരുമാനം. മുൻപ് ഇത്തരം മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അപേക്ഷകൾ താത്കാലികമായി നിർത്തിവെക്കുക മാത്രമാണ് ചെയ്തിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം ജോലിസ്ഥലത്തോ, ശമ്പളത്തിലോ, തസ്തികയിലോ, നാഷണൽ ഓക്യുപേഷണൽ ക്ലാസിഫിക്കേഷൻ കോഡിലോ മാറ്റമുണ്ടായാൽ പുതുക്കിയ പ്രൊവിൻഷ്യൽ എൻഡോഴ്‌സ്‌മെന്റ് സർട്ടിഫിക്കറ്റും ഓഫർ ഓഫ് എംപ്ലോയ്‌മെന്റ് (IMM 0157) ഫോമും ഇമിഗ്രേഷൻ വകുപ്പിന്റെ വെബ്‌ഫോം വഴി 90 ദിവസത്തിനകം സമർപ്പിക്കണം. ഒരു അംഗീകൃത കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴും ഈ രേഖകൾ കൃത്യമായി നൽകേണ്ടതുണ്ട്.
Also Read: ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ
കമ്പനിയുടെ ഉടമസ്ഥത മാറുകയാണെങ്കിൽ പ്രവിശ്യാ ഭരണകൂടം സ്ഥാപനത്തെയും അപേക്ഷകനെയും വീണ്ടും വിലയിരുത്തുകയും പിന്തുണ തുടരുന്നതായി വ്യക്തമാക്കുന്ന രേഖകൾ നൽകുകയും വേണം. പ്രവിശ്യ പിന്തുണ പിൻവലിക്കുകയോ 90 ദിവസത്തിനകം രേഖകൾ നൽകാൻ സാധിക്കാതിരിക്കുകയോ ചെയ്താൽ അപേക്ഷ നിരസിക്കപ്പെടും. ന്യൂ ബ്രൺസ്വിക്, ന്യൂഫൗണ്ട്‌ലാന്റ് ആൻഡ് ലാബ്രഡോർ, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകളിലേക്കുള്ള കുടിയേറ്റ പ്രോസസിംഗ് സമയം നിലവിൽ 26 മാസത്തോളമായതിനാൽ, തൊഴിൽ മാറ്റങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷകർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









