വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്താൻ പൗരനായ ആസിഫ് മർച്ചന്റിന് 27 വർഷവും ആറു മാസവും തടവുശിക്ഷ. ന്യൂയോർക്കിലെ ബ്രൂക്ലിൻ ഫെഡറൽ കോടതിയാണ് ഇറാൻ റെവല്യൂഷണറി ഗാർഡുമായി (IRGC) ബന്ധമുണ്ടെന്ന് കണ്ടെത്തിയ 48-കാരന് ശിക്ഷ വിധിച്ചത്. 2020 ജനുവരിയിൽ ബാഗ്ദാദിൽ വെച്ച് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് വധഗൂഢാലോചന ആസൂത്രണം ചെയ്തതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികൾക്ക് 5,000 ഡോളർ മുൻകൂർ നൽകിയാണ് ഇയാൾ ക്വട്ടേഷൻ ഉറപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഇയാൾ സമീപിച്ചത് രഹസ്യമായി പ്രവർത്തിക്കുന്ന എഫ്.ബി.ഐ (FBI) ഏജന്റുമാരെയായതിനാൽ പദ്ധതി തുടക്കത്തിലേ പരാജയപ്പെടുകയായിരുന്നു. 2024 ജൂലൈ 12-ന് അമേരിക്ക വിടാൻ ശ്രമിക്കുന്നതിനിടെയാണ് മർച്ചന്റ് അറസ്റ്റിലായത്.
അതേസമയം, ടെഹ്റാനിലുള്ള തന്റെ കുടുംബത്തെ ഇറാൻ റെവല്യൂഷണറി ഗാർഡിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് ഗൂഢാലോചനയിൽ പങ്കെടുക്കാൻ നിർബന്ധിതനായതെന്ന് മർച്ചന്റ് കോടതിയിൽ മൊഴി നൽകി. ആരെങ്കിലും കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ താൻ പിടിക്കപ്പെടുമെന്നാണ് കരുതിയിരുന്നതെന്നും ഇയാൾ അവകാശപ്പെട്ടു. പ്രത്യേകിച്ച് ഒരാളെ ലക്ഷ്യമിടാൻ നിർദ്ദേശമുണ്ടായിരുന്നില്ലെങ്കിലും ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ യുഎൻ അംബാസഡർ നിക്കി ഹേലി എന്നിവരുടെ പേരുകൾ ഇറാനിലെ ഇടനിലക്കാർ പരാമർശിച്ചിരുന്നതായും മർച്ചന്റ് വെളിപ്പെടുത്തി.
എന്നാൽ ഗൂഢാലോചനയുടെ പ്രധാന ലക്ഷ്യം ട്രംപ് തന്നെയായിരുന്നുവെന്ന് യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ വ്യക്തമാക്കി. ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളെക്കുറിച്ച് ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾ കോടതിയിൽ ഹാജരാക്കിയിരുന്നു. അമേരിക്കൻ നേതാക്കൾക്കെതിരായ വിദേശ ഭീകരവാദ ഗൂഢാലോചനകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി തുടരുമെന്നും നീതിന്യായ വകുപ്പ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





