സസ്‌കാറ്റൂൺ: വടക്കൻ സസ്‌കാച്ചുവാനിൽ കരടിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പോയിന്റ്‌സ് നോർത്തിലെ ഉൾനാടൻ വിമാനത്താവളത്തിന് (Airstrip) സമീപം വെള്ളിയാഴ്ചയായിരുന്നു സംഭവം. 25 വയസ്സുകാരനായ യുവാവാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾക്കും യാത്രികർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സസ്‌കാറ്റൂണിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പോയിന്റ്‌സ് നോർത്തിൽ വെച്ചാണ് ആക്രമണമുണ്ടായതെന്ന് കമ്മ്യൂണിറ്റി സേഫ്റ്റി മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച യുവാവിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ ആക്രമിച്ച കരടിയെ പിടികൂടി കൊന്നതായാണ് വിവരം. കരടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സസ്‌കാറ്റൂണിലെ വെസ്റ്റേൺ കോളേജ് ഓഫ് വെറ്ററിനറി മെഡിസിനിലേക്ക് മാറ്റി.
മെയ് 8-ന് വൈകുന്നേരം 6.30-ഓടെയാണ് വോളസ്റ്റൺ ലേക്ക് ആർ.സി.എം.പി (RCMP) വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. പ്രഥമദൃഷ്ട്യാ ഇതൊരു അപകട മരണമായതിനാൽ പോലീസ് പ്രത്യേക അന്വേഷണം നടത്തുന്നില്ല. എന്നാൽ, കൺസർവേഷൻ ഓഫീസർ സർവീസും വന്യജീവി ആക്രമണ പ്രതികരണ വിഭാഗവും (Wildlife Human Attack Response Team) ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വനപ്രദേശങ്ങൾക്കും ഉൾനാടൻ വിമാനത്താവളങ്ങൾക്കും സമീപം കരടികളുടെ സാന്നിധ്യം വർധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കരടികളെ നേരിൽ കണ്ടാൽ അകലം പാലിക്കണമെന്നും ബഹളം വെക്കാതെ പതുക്കെ സംസാരിക്കണമെന്നും നേരിട്ട് കണ്ണുകളിൽ നോക്കരുതെന്നും സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മിക്കവാറും വന്യമൃഗങ്ങൾ പ്രകോപനമില്ലാതെ മനുഷ്യരെ ആക്രമിക്കാറില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ വഴിമാറി നടക്കുകയാണ് ഉചിതമെന്നും കമ്മ്യൂണിറ്റി സേഫ്റ്റി മന്ത്രാലയം കൂട്ടിച്ചേർത്തു.
Bear attack near airport; 25-year-old dies tragically
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




