റെജീന: സസ്കാച്ചെവാൻ പ്രവിശ്യയുടെ വടക്കൻ മേഖലകളിൽ കാട്ടുതീ വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയിൽ 55 ആയിരുന്ന സജീവ തീപിടുത്തങ്ങളുടെ എണ്ണം വെള്ളിയാഴ്ചയോടെ 68 ആയി ഉയർന്നതായി സസ്കാച്ചെവാൻ പബ്ലിക് സേഫ്റ്റി ഏജൻസി (SPSA) അറിയിച്ചു. പ്രദേശവാസികളുടെയും വസ്തുവകകളുടെയും സുരക്ഷ ഉറപ്പാക്കാൻ രക്ഷാപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെ സജീവ തീപിടുത്തങ്ങൾ 62 ആയി ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
നിലവിലുള്ള 62 കാട്ടുതീകളിൽ 13 എണ്ണം മാത്രമാണ് പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് സാധിച്ചിട്ടുള്ളത്. എട്ടെണ്ണം ഇപ്പോഴും അനിയന്ത്രിതമായി തുടരുകയാണ്. 35 ഇടങ്ങളിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, ജനവാസ മേഖലകളിലേക്ക് തീ പടരാതിരിക്കാൻ 6 കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വടക്കൻ മേഖലയിലെ പുക ശമിച്ചതിനെ തുടർന്ന് മുൻപ് പുറപ്പെടുവിച്ച വായു ഗുണനിലവാര മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മോശം വായു ഗുണനിലവാരം തുടരാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി വകുപ്പ് മുന്നറിയിപ്പ് നൽകി.
ഈ വർഷം ഇതുവരെ 283 കാട്ടുതീകളാണ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 398 തീപിടുത്തങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം 32 വലിയ ഒഴിപ്പിക്കൽ നടപടികൾ വേണ്ടിവന്ന സ്ഥാനത്ത് ഈ വർഷം ഇതുവരെ രണ്ട് തവണ മാത്രമാണ് ആൾക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നത്. നിലവിൽ ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Wildfires spark alarm in Saskatchewan: Efforts to extinguish fires at 62 locations continue; alert issued for the region.






