ഒന്റാരിയോ ; അമേരിക്കയിൽ ജീവനക്കാരുടെ ആഴ്ചയിലെ ജോലിസമയം ശമ്പളം കുറയ്ക്കാതെ 32 മണിക്കൂറാക്കി കുറയ്ക്കാനായി അടുത്തിടെ ‘തേർട്ടി-ടു അവർ വർക്ക് വീക്ക് ആക്ട്’ എന്ന പേരിൽ ഒരു പുതിയ ബിൽ അവതരിപ്പിച്ചു. യു.എസ്. ജനപ്രതിനിധികളായ മാർക്ക് തകാനോയും ബെർണി സാണ്ടേഴ്സും ചേർന്നാണ് ഈ ബിൽ സഭയുടെ മുന്നിലെത്തിച്ചത്. എ.ഐ (AI), റോബോട്ടിക്സ് എന്നിവയുടെ വരവോടെ കമ്പ്യൂട്ടറുകളും യന്ത്രങ്ങളും ജോലി എളുപ്പമാക്കുന്നതിനാൽ, ആ സാങ്കേതിക വളർച്ചയുടെ ലാഭം കോർപ്പറേറ്റ് മുതലാളിമാർക്ക് മാത്രമല്ല സാധാരണക്കാരായ തൊഴിലാളികൾക്കും കിട്ടണമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്. പുതിയ നിർദ്ദേശപ്രകാരം ആഴ്ചയിൽ 32 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന സമയം ‘ഓവർടൈം’ ആയി കണക്കാക്കി അതിന് ഒന്നര ഇരട്ടി ശമ്പളം കമ്പനികൾ നൽകേണ്ടിവരും.
എന്നാൽ, അമേരിക്കയിലെ ഈ മാറ്റം അയൽരാജ്യമായ കാനഡയിൽ നടപ്പിലാക്കാൻ സാധ്യതയില്ലെന്നാണ് തൊഴിൽ രംഗത്തെ പ്രമുഖ വിദഗ്ദ്ധർ പറയുന്നത്. നിലവിൽ വലിയ ജീവിതച്ചെലവ് നേരിടുന്ന കാനഡയിലെ സാധാരണക്കാർക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന് ഗുൽഫ് സർവകലാശാലയിലെ പ്രൊഫസറായ നിത ഛിൻസർ ചൂണ്ടിക്കാട്ടുന്നു. മാസം തോറും നിശ്ചിത ശമ്പളം വാങ്ങുന്നവർക്ക് ഇത് കുഴപ്പമില്ലെങ്കിലും, ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും വേതനം വാങ്ങുന്ന ആളുകൾക്ക് ആഴ്ചയിൽ ജോലി ചെയ്യുന്ന സമയം കുറയുന്നത് വരുമാനത്തിൽ 20 ശതമാനത്തോളം കുറവുണ്ടാക്കും. ഓവർടൈം ജോലി നിർബന്ധമായി ലഭിക്കാത്ത പക്ഷം ഈ വരുമാനക്കുറവ് താങ്ങാൻ സാധിക്കാത്തതുകൊണ്ട് കാനഡയിലെ തൊഴിലാളികൾ തന്നെ ഇത്തരം നിയമങ്ങളെ എതിർത്തേക്കാം.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
കൂടാതെ, ജോലിസമയം വെട്ടിച്ചുരുക്കുന്നതിനേക്കാൾ പ്രധാനം കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജോലി കാര്യക്ഷമമായി ചെയ്തുതീർക്കുകയാണെന്ന് എച്ച്.ആർ വിദഗ്ദ്ധയായ സാറ മക്വാനൽ പറയുന്നു. സ്ഥാപനങ്ങൾ ഒരേസമയം വലിയ ജോലിഭാരം നൽകാതെ, എ.ഐ അടക്കമുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അനാവശ്യ യോഗങ്ങളും മറ്റും ഒഴിവാക്കി ജോലി ലളിതമാക്കണം. ഒരാളെക്കൊണ്ട് രണ്ടാളുടെ ജോലി ചെയ്യിപ്പിക്കാതെ, ജീവനക്കാരുടെ കാര്യക്ഷമത കൂട്ടുകയാണ് വേണ്ടത്. ജോലി സമയത്തിൽ എത്ര മണിക്കൂർ തികച്ചു എന്നതിനേക്കാൾ എത്രത്തോളം നല്ല റിസൾട്ട് ഉണ്ടാക്കി എന്നതിനാണ് ഇനി വരുംകാലങ്ങളിൽ പ്രാധാന്യം നൽകേണ്ടതെന്നും അവർ വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









